ഡോ. മംഗളം സ്വാമിനാഥൻ ദേശീയ പുരസ്‌കാരം പമ്പാവാസൻ നായർക്ക്

0
140

ബഹ്‌റൈൻ : ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ പമ്പാവാസൻ നായർക്ക് ഡോ. മംഗളം സ്വാമിനാഥൻ നാഷണൽ അവാർഡ് 2025 ലഭിച്ചു. പ്രവാസി ഭാരതീയരുടെ സാമൂഹിക, മാനവിക പ്രവർത്തനങ്ങളെ അംഗീകരിച്ച് നൽകുന്ന “പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ്” വിഭാഗത്തിലാണ് ഈ ബഹുമതി ലഭിച്ചത്.
ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ നൽകുന്ന ഈ അവാർഡ്
സാമൂഹ്യസേവനം, കലാ-സാംസ്കാരികം, ശാസ്ത്രം, മാധ്യമം, ആരോഗ്യരംഗം എന്നീ അഞ്ച് മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനാണ്.ഒറ്റപ്പാലം സ്വദേശിയായ പമ്പാവാസൻ നായർ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലും സൗദി അറേബ്യയിലുമായി ഓട്ടോമാറ്റിക് സ്വിച്ച് ഗിയർ ഫാക്ടറികൾ സ്ഥാപിച്ച് വിജയകരമായ വ്യവസായ സംരംഭങ്ങൾ നയിക്കുന്നു. പ്രവാസ ജീവിതത്തോടൊപ്പം സമൂഹസേവനത്തെയും തുല്യമായി കൈപിടിച്ച് മുന്നേറുന്ന വ്യക്തിയാണ് അദ്ദേഹം.

പമ്പാവാസൻ നായർ സ്ഥാപിച്ച സി.എം.എൻ ട്രസ്റ്റ് മുഖേന അദ്ദേഹം കേരളത്തിലും പ്രവാസ മേഖലകളിലും നിരവധി മാനവിക പ്രവർത്തനങ്ങൾ നടത്തുന്നു. സാമ്പത്തികമായി പിന്നാക്ക കുടുംബങ്ങൾക്ക് മാസാന്ത പെൻഷൻ പദ്ധതി, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, വിവാഹ സഹായം, കൂടാതെ വീടില്ലാത്തവർക്ക് വീടു നിർമ്മിച്ച് നൽകുന്ന “ഒരു വീട് നിനക്കായി” (A Home of Your Own) എന്ന പദ്ധതിയും. ഇതിലൂടെ ഇതിനകം 20 വീടുകൾ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. 5 വർഷത്തിനുള്ളിൽ 50 വീടുകൾ പണിയാനുള്ള ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
സമൂഹത്തിന്റെ വിവിധ തലങ്ങളിലെ ആവശ്യങ്ങൾ മനസ്സിലാക്കി അവയ്ക്ക് പ്രായോഗിക പരിഹാരങ്ങൾ ഒരുക്കാനുള്ള പമ്പാവാസൻ നായറിന്റെ ശ്രമമാണ് ഈ അംഗീകാരത്തിന് പിന്നിലെ പ്രധാന ഘടകം.
ഡോ. മംഗളം സ്വാമിനാഥൻ നാഷണൽ അവാർഡ് ഇന്ത്യൻ സമൂഹത്തിൽ ബഹുമാനാർഹമായ അംഗീകാരമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യക്തികളുടെ മനുഷ്യനന്മയ്ക്കായുള്ള സമഗ്ര പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ ബഹുമതി നൽകുന്നത്. “പ്രവാസി ഭാരതീയ എക്സലൻസ്” വിഭാഗത്തിൽ ബഹ്‌റൈനിൽ നിന്നുള്ള പമ്പാവാസൻ നായരുടെ തിരഞ്ഞെടുപ്പ് പ്രവാസ ലോകത്തിനും അഭിമാനമാണ്.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ വീടുവിതരണ പദ്ധതിയും ദാരിദ്ര്യനിവാരണ പ്രവർത്തനങ്ങളും കേരളത്തിലെ നിരവധി പഞ്ചായത്തുകളിൽ മാതൃകയായി കണക്കാക്കപ്പെടുന്നു.
അവാർഡ് ചടങ്ങ് നവംബർ മാസത്തിൽ ഡൽഹിയിൽ വെച്ച് നടക്കും. വിവിധ സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചത്.