ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26 മുതല്‍

ദുബായ്: 24-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26ന് ആരംഭിക്കും. ജനുവരി 26 വരെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നത്. ദുബായ് ടൂറിസം വകുപ്പിന് കീഴില്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് സംഘാടകര്‍. എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഫെസ്റ്റിവലിന് 24 മണിക്കൂര്‍ മുന്‍പ് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. 25 ശതമാനം മുതല്‍ 90 ശതമാനം വിലക്കിഴിവ് നല്‍കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടെയായിരിക്കും ഫെസ്റ്റിവലിന് തുടക്കമാവുന്നത്. 700 ബ്രാന്‍ഡുകളും 3200 ഔട്ട്‌ലെറ്റുകളും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ഉയര്‍ത്താനും സന്ദര്‍ശകര്‍ക്ക് മികച്ച ഷോപ്പിങ്ങ്‌ .
അനുഭവം നല്‍കാനും പൊതു, സ്വകാര്യ മേഖലകളുടെ സഹായത്തോടെ മികച്ച സജ്ജീകരണങ്ങളാണ് ഇത്തവണ ഒരുക്കുന്നതെന്ന് ഡിഎഫ്‌ആര്‍ഇ സിഇഒ അഹമ്മദ് അല്‍ഖാജ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളും കാര്‍ണിവലുകളും മറ്റ് വിനോദ പരിപാടികളും മേളയുടെ തിളക്കം വര്‍ധിപ്പിക്കും. കുട്ടികള്‍ക്കു മാത്രമായി വിവിധ പരിപാടികളും ദുബായ് ഷോപ്പിങ്ങ്‌ ഫെസ്റ്റിവലില്‍ അണിനിരത്തിയിട്ടുണ്ട്.

വില്‍പ്പനയിലും സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോര്‍ഡ് നേട്ടം കൈവരിച്ചാണ് കഴിഞ്ഞ വര്‍ഷം ദുബായ് ഫെസ്റ്റിവല്‍ മാമാങ്കത്തിന് തിരശീല വീണത്. ഷോപ്പിങ്ങ്‌ മാളുകളും ഗ്ലോബല്‍ വില്ലേജുകളുമായിരുന്നു കഴിഞ്ഞ എഡിഷന്റെ മുഖ്യ ആകര്‍ഷണം.