അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു

0
42

കാസര്‍കോട്: അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാള്‍ മരിച്ചു. അസം സ്വദേശി നജീറുല്‍ അലി (20) ആണ് മരിച്ചത്. കമ്പനിയിലെ തൊഴിലാളിയാണ് മരിച്ചത്. ഡെക്കോര്‍ പാനല്‍ ഇന്‍ഡസ്ട്രീസില്‍ ആണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിയില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. ജനല്‍ച്ചില്ലുകള്‍ ഉൾപ്പെടെ തകര്‍ന്നു.

അസം സ്വദേശികളായ തൊഴിലാളികളാണ് ഷിഫ്റ്റില്‍ ഉണ്ടായിരുന്നത്. 9 പേര്‍ അപകടത്തില്‍പ്പെട്ടെന്നും ആറ് പേരെ മംഗളൂരുവിലും രണ്ട് പേരെയും കുമ്പളയിലും ചികിത്സയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. കുമ്പള ആശുപത്രിയില്‍കൊണ്ടുപോയ തൊഴിലാളിയുടെ മരണമാണ് സ്ഥിരീകരിച്ചത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.

സംഭവത്തില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫാക്ടറീസ് ആന്‍ഡ് ബോയില്‍ വകുപ്പിനോട് നല്‍കാനാണ് നിര്‍ദേശിച്ചത്. അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും നടപടിയെന്നും കളക്ടര്‍ അറിയിച്ചു.