ഒളിമ്പിക് അസോസിയേഷനിലെ ചില അംഗങ്ങള്‍ ഒതുക്കാന്‍ ശ്രമിക്കുന്നു: ആരോപണവുമായി പി.ടി ഉഷ

മലയാളി അത്‌ലറ്റ് പി.ടി. ഉഷ അധ്യക്ഷയായ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ പോര് രൂക്ഷം. ഒളിമ്പിക് അസോസിയേഷനിലെ ചില അംഗങ്ങള്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നെന്ന് പി.ടി ഉഷ ആരോപിച്ചു. താന്‍ നിയമിച്ച ഉദ്യോഗസ്ഥന് പിരിച്ചുവിടല്‍ കത്ത് നല്‍കിയതുള്‍പ്പെടെ ധിക്കാരപരമായ നടപടികളിലൂടെ ഒരു വിഭാഗം നിര്‍വാഹക സമിതി അംഗങ്ങള്‍ തന്റെ അധികാരത്തില്‍ കൈകടത്തുകയും അരികാക്കാന്‍ ശ്രമിക്കുകയുമാണെന്ന് ഉഷ പറഞ്ഞു.

അനധികൃത വ്യക്തികള്‍ ഐ.ഒ.എ ആസ്ഥാനത്ത് പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ച് കഴിഞ്ഞ ദിവസം ഒമ്പത് സമിതി അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് ഓഫിസ് പരിസരത്ത് പതിച്ചിരുന്നു. ഇതിനെ ഏകപക്ഷീയമെന്ന് വിശേഷിപ്പിച്ച ഉഷ, ജീവനക്കാരെ നിയമിക്കലും പിരിച്ചുവിടലും ഉള്‍പ്പെടെയുള്ള ദൈനംദിന ഭരണപ്രവര്‍ത്തനങ്ങള്‍ നിര്‍വാഹക സമിതിയുടെ ജോലിയല്ലെന്നും വ്യക്തമാക്കി

ഐ.ഒ.എ ഒരു ടീം എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാകുന്നില്ലെന്നത് വേദനാകരമാണ്. ഉദ്യോഗസ്ഥരെ നിയമിക്കുകയും പുറത്താക്കുകയുമല്ല എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ പ്രധാന ദൗത്യം. ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ പുതിയ ഉയരത്തിലേക്ക് നയിക്കാനാണ് കമ്മിറ്റിയുടെ അധികാരം ഉപയോഗിക്കേണ്ടത്- ഉഷ പ്രതികരിച്ചു.