കുവൈത്ത് സിറ്റി: അൽ-മുത്‌ലാ ഏരിയയിലെ ജോലിസ്ഥലത്ത് 61 വയസ്സുള്ള ഒരു അറബ് പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരു കുവൈത്തി പൗരനാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ, ഡിറ്റക്ടീവുകൾ, ഫൊറൻസിക് വിദഗ്ധർ, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ സംഭവ സ്ഥലത്തേക്ക് എത്തി. മൃതദേഹം നീക്കം ചെയ്യാനും ഫൊറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് പരിശോധനയ്ക്കായി റഫർ ചെയ്യാനും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. സംഭവം ആത്മഹത്യയായി രജിസ്റ്റർ ചെയ്യാനാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശം.































