കുവൈത്ത് സിറ്റി: ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിക്കുന്ന ഓക്സ്ഫോർഡിൻ്റെ അസ്ട്ര സെനക്ക കോവിഡ് വാക്സിൻ്റെ ആദ്യ ബാച്ച് കുവൈത്തിലെത്തി. വാക്സിൻ മൈത്രി പദ്ധതിയുടെ ഭാഗമായാണ് കുവൈത്ത് ഉൾപ്പെടെയുള്ള ഉള്ള നിരവധി ലോകരാജ്യങ്ങൾക്ക് ഇന്ത്യൻ നിർമ്മിത വാക്സിൻ എത്തിച്ചു നൽകുന്നത്.
ഇന്ന് പുലർച്ചെയോടെയാണ് രണ്ട് ലക്ഷം ഡോസ് അടങ്ങുന്ന ആദ്യ ബാച്ച് കുവൈത്തിൽ എത്തിയത്. വാക്സിംഗ് ആഗമനത്തെ കുവൈത്തിലെ ഇന്ത്യൻ എംബസി സ്വാഗതം ചെയ്തു.
അടിയന്തര സാഹചര്യങ്ങളിൽ വാക്സിൻ ഉപയോഗിക്കുന്നതിന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ വ്യാഴാഴ്ച അനുമതി നൽകിയിരുന്നു. ഇതിനോടകംതന്നെ ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ 15 ഓളം രാജ്യങ്ങൾക്ക് ഇന്ത്യൻ നിർമ്മിത വാക്സിൻ നൽകി കഴിഞ്ഞു. മറ്റ് 90 രാജ്യങ്ങൾ കൂടെ ഓക്സ്ഫോർഡ് അസ്ട്ര സെനക്ക വാക്സിൻ എത്തിച്ചു നൽകാൻ ഇന്ത്യയോട് ആവശ്യപ്പെട്ടതായാണ് വിവരം
ആദ്യബാച്ചിന് തൊട്ടുപിറകെ രണ്ടാമത്തെ ബാച്ച് വാക്സിനും ഫെബ്രുവരി അവസാനത്തോടെ കുവൈത്തിലെത്തും. 8 ലക്ഷം ഡോസാണ് രണ്ടാമത്തെ ബാച്ചിൽ ലഭിക്കുകയെന്നാണ് ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന.