വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ ഏഴു ലീഗല്‍ കണ്‍സള്‍ട്ടന്റുമാരുടെ സേവനം ലഭ്യമാണ്. യു.എ.ഇയിലെ ഷാര്‍ജ, ദുബായ് മേഖലയില്‍ അഡ്വ. മനു ഗംഗാധരന്‍ അഡ്വ. അനല ഷിബു എന്നിവരും, അബുദാബിയില്‍ അഡ്വ. സാബു രത്നാകരന്‍ അഡ്വ. സലീം ചൊളമുക്കത്ത് എന്നിവരുടെ സേവനവും ലഭ്യമാണ്. കുവൈത്ത് സിറ്റിയില്‍ അഡ്വ. രാജേഷ് സാഗര്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ അഡ്വ. ഷംസുദ്ദീന്‍ ഒലശ്ശേരി ദമ്മാമില്‍ അഡ്വ. തോമസ് പി.എം എന്നിവരാണ് നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാര്‍. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രവാസി ലീഗല്‍ എയ്ഡ് സെല്‍.
സാധുവായ തൊഴിൽ വിസയിലോ വിസിറ്റിങ്ങ് വിസയിലോ വിദേശത്തുളള കേരളീയർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. കൂടാതെ ചില സാഹചര്യങ്ങളിൽ തടങ്കലിലോ, ഹോസ്പിറ്റലിലോ അകപ്പെടുന്ന പ്രവാസികളുടെ ബന്ധുകൾക്കോ സുഹൃത്തുകൾക്കോ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ സേവനത്തിനായി അപേക്ഷ നല്‍കാവുന്നതാണ്. കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്ത് കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്കും സേവനം പ്രയോജനപ്പെടുത്തുന്നതിനും pravasilegalaidcell@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുകകയോ ചെയ്യാവുന്നതാണ്. ഇതോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.





























