വിദ്യാഭ്യാസരംഗത്തും ‘അന്യസംസ്ഥാനകയ്യേറ്റം’. പത്തരമാറ്റുമായി മൂന്ന് ഫുള്‍എ-പ്ലസ്‌

0
5

ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന തൊഴിലാളികളെ നമ്മളെല്ലാം ഒറ്റവാക്കില്‍ വിളിക്കുന്ന ഒരു പേരുണ്ട്. ബംഗാളി. ഏതു സംസ്ഥാനത്തുനിന്നു വന്നുവെന്നതൊന്നും നമുക്ക് പ്രശ്നമല്ല. മലയാളിയല്ലാത്ത പണിക്കാരെല്ലാം ബംഗാളികള്‍ തന്നെ. അതുകൊണ്ടുതന്നെയാണ് സിനിമയില്‍ രാജസ്ഥാനില്‍നിന്നു വന്ന ബംഗാളിയെന്നു കേട്ടപ്പോള്‍ മനസ്സുതുറന്നു നമുക്ക് ചിരിക്കാന്‍ പറ്റാതിരുന്നതും. നമ്മളെല്ലാം നിസ്സാരരെന്നു കരുതുന്ന ആ ബംഗാളികളുടെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ രണ്ടു നാടിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ്. പത്താം തരം പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങിയാണ് ഇതരസംസ്ഥാനതൊഴിലാളികളുടെ മൂന്നു മിടുക്കരായ കുട്ടികള്‍ തങ്ങളുടെ കഴിവു തെളിയിച്ചത്. അതും, ഒരു സ്കൂളിന്‍റെ 67 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യത്തെ ഫുള്‍ എ-പ്ലസ്‌. എടയാറിലെ ചെരിപ്പ് കമ്പനിയില്‍ ജോലി ചെയ്യുന്ന സാജിദ് ബുട്ടുവിന്‍റെയും ആബിദയുടെയും നാല് മക്കളില്‍ മൂത്തയാളായ. ദില്‍ഷാദ് ആണ് ആ മിടുക്കന്‍. തിരുത്തിക്കുറിച്ചത് ആലുവ ബിനാനിപുരം ഹൈസ്കൂളിന്‍റെ ചരിത്രവും. ദില്‍ഷാദിനെ കൂടാതെ സുനില്‍ ബിസ്തയും പ്രിയങ്ക സിംഗ് എന്നീ കുട്ടികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ-പ്ലസ്‌ നേടിയത്. കൊല്ലം കോയിക്കല്‍ ഗവ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍ രണ്ടുപേരും. ബേക്കറി തൊഴിലാളികളായ കല്യാണ്‍ സിങ്ങിന്‍റെയും ജമുനാ ദേവിയുടേയും മകളാണ് പ്രിയങ്ക. കെട്ടിടത്തൊഴിലാളികളായ ലാല്‍ ബഹാദൂര്‍ ബിസ്തയും മനുദേവി ബിസ്തയുമാണ് സുനിലിന്‍റെ മാതാപിതാക്കള്‍