ഹോം ക്വാറന്റൈൻ 7 ദിവസം ആക്കിയേക്കും

കുവൈത്ത് സിറ്റി : ഒരാഴ്ചത്തേക്ക് മാത്രമായി കുവൈത്തിലേക്ക് വരുന്നവർക്ക് ഹോം ക്വാറന്റൈൻ കാലാവധി കുറയ്ക്കാൻ ആരോഗ്യ മന്ത്രാലയ അധികൃതർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. പി‌സി‌ആർ‌ പരിശോധനയിൽ‌ നെഗറ്റീവ് ആയ യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് പ്രാദേശിക ദിനപത്രമായ അൽ‌ ഖബാസ് റിപ്പോർട്ട് ചെയ്തു.

ഇതനുസരിച്ച് കുവൈത്തിലെത്തുന്ന യാത്രക്കാർ പി സി ആർ പരിശോധനകൾക്ക് വിധേയരാകേണ്ടി വരും. ആദ്യത്തേത് എയർപോർട്ടിലെത്തിയ ശേഷവും രണ്ടാമത്തേത് ഹോം ക്വാറന്റൈൻ കാലയളവിനുള്ളിലും ആയിരിക്കും. ഈ രണ്ടു പരിശോധനാ ഫലവും നെഗറ്റീവ് ആയി എങ്കിൽ മാത്രമേ 7 ദിവസത്തിനകം ക്വാറന്റൈൻ പൂർത്തിയാവുകയുള്ളൂ. ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്.

കുവൈത്തിലെത്തുന്ന എല്ലാ വിമാന യാത്രക്കാർക്കും പിസിആർ പരിശോധന നടത്തണമെന്ന് തീരുമാനം അടുത്ത ഞായറാഴ്ച മുതൽ നിലവിൽ വരും. പി സി ആർ പരിശോധന തുക വിമാനകമ്പനികൾ യാത്രക്കാരിൽ നിന്നും ഈടാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്