കുവൈത്ത് സിറ്റി : ഇതര മതസ്ഥർക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി ഫർവാനിയ ദുവൈഹി പാലസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. അമ്പത്തിലധികം ഇതര മതസ്ഥർ സംഗമത്തിൽ പങ്കെടുത്തു.
ഇസ്ലാം സാഹോദര്യ മൂല്യം കാത്തുസൂക്ഷിക്കുന്ന മതമാണ്. പരസ്പരമുള്ള കലഹങ്ങളെക്കാൾ നമുക്ക് വേണ്ടത് പരസ്പരമുള്ള കൂടിയിരുത്തങ്ങളും ആരോഗ്യപരമായ ചർച്ചകളുമാണെന്ന് അതിഥിയായി എത്തിയ സാജിദ് റഹ്മാൻ ഫാറൂഖി വിശദീകരിച്ചു. സൗഹൃദ സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് എല്ലാവരും ഒരു ദൈവത്തിൽ നിന്ന് വന്നവരും ആ ദൈവത്തിലേക്ക് തന്നെ തിരിച്ചു പോകേണ്ടവരുമാണെന്നാണ്.
ആളുകൾക്കിടയിൽ തെറ്റിദ്ധരിക്കപ്പെടുന്നത് വാക്കുകളുടെ പ്രയോഗവും അതിൻ്റെ കൃത്യമായ അർഥങ്ങൾ മനസ്സിലാക്കുന്നതിലുള്ള പരാജയവുമാണ്. കാഫിർ, ജിഹാദ്, മുശ്രിക് തുടങ്ങിയ പദങ്ങളെ അതിൻ്റെ തനതായ അർത്ഥത്തിൽ നിന്ന് വായിക്കാൻ സാധിക്കാതെ പോകുമ്പോൾ തെറ്റിദ്ധാരണകൾ ഉണ്ടാവുന്നു.ലോകത്തേക്ക് വന്ന എല്ലാ പ്രവാചകന്മാരും മനുഷ്യരെ സംസ്കരിച്ചു ഏക ദൈവത്തിലേക്ക് ക്ഷണിക്കാൻ വന്നവരാണ്. അന്ത്യമ വേദമാണ് വിശുദ്ധ ഖുർആൻ. അത് ലോക മനുഷ്യർക്ക് വേർവഴി കാണിച്ചു തരുന്നു. സാജിദ് റഹ്മാൻ ഫാറൂഖി സൂചിപ്പിച്ചു.
ഐ.ഐ.സി ജനറൽ സെക്രട്ടറി യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ചർച്ചയിൽ ഫിലിപ്പ് തോമസ്, ശ്രീജിത്ത് താമരശ്ശേരി എന്നിവർ സംസാരിച്ചു. ക്വിസ്സ് മത്സരത്തിന് ഷഹാസ് മൊയ്തുണ്ണി നേതൃത്വം നൽകി. അസ്ഹർ ഖിറാഅത്തും പരിഭാഷ മുനീർ കൊണ്ടോട്ടിയും നിർവ്വഹിച്ചു. നബീൽ ഹമീദ്, മനാഫ് കൈപമംഗലം അബ്ദുൽ ഗഫൂർ പെരുമ്പിലാവ്, ഇമ്രാൻ നൗഷാദ് എന്നിവർ നേതൃത്വം നൽകി.
































