കുവൈത്തിൽ അനധികൃത താമസക്കാർക്കും കോവിഡ് വാക്സിൻ നൽകും

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി വാക്സിനേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 125,000 കവിഞ്ഞതായി കുവൈത്ത് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ പറഞ്ഞു. എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും അനധികൃത താമസക്കാർക്കും ഒരു വർഷത്തിനുള്ളിൽ വാക്സിനേഷൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ തുടങ്ങിയതിനെ ആദ്യ ആഴ്ച കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികളും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമാണ് കുത്തിവെപ്പ് നൽകുന്നത്. ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ചയുടെ തുടക്കത്തിലോ മറ്റ് വിഭാഗങ്ങൾക്കും വാക്സിനേഷൻ നൽകുമെന്ന് മന്ത്രി
ഷെയ്ഖ് ഡോ. ബേസിൽ അൽ സബ പറഞ്ഞു.
വാക്സിനുകളുടെ ബാച്ചുകൾ ഓരോ മാസം പകുതിയോടെ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഉൽ‌പാദന നിരക്ക് അനുസരിച്ച് ഇറക്കുമതി ചെയ്യുന്ന വാക്സിനുകളുടെ അളവ് വ്യത്യാസപ്പെടാമെന്ന് ആരോഗ്യ മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് അൽ‌ക്വാബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
രണ്ടാം ബാച്ച് വാക്സിനുകൾ ഫെബ്രുവരിയിൽ എത്തുമ്പോഴേക്കും അഹ്മദി, ജഹ്‌റ ഗവർണറേറ്റുകളിലെ രണ്ട് വാക്സിനേഷൻ സൈറ്റുകൾ സജ്ജമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എന്ന് ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.