വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 600 പ്രവാസി അധ്യാപകരെ പിരിച്ചുവിടും

കുവൈത്ത് സിറ്റി : കൊറോണ വ്യാപനം മൂലം ഉണ്ടായ യാത്രാ നിയന്ത്രണത്തെത്തുടർന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 600 പ്രവാസി അധ്യാപകരെ പിരിച്ചുവിടും. കുവൈത്ത് പ്രാദേശിക പത്രമാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. പിരിച്ചുവിടേണ്ട 600 അധ്യാപകരുടെ പട്ടിക തയ്യാറായിട്ടുണ്ട്.ഇവർക്കു പകരം കുവൈത്തിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഉള്ളവർക്ക് അവസരം നൽകും. പ്രാദേശിക ജോലിക്കാർക്ക് പഠിപ്പിക്കാൻ കഴിയുന്ന വിഷയങ്ങളായ കമ്പ്യൂട്ടർ, ഡെക്കറേഷൻ, ഇസ്ലാമിക് വിദ്യാഭ്യാസം എന്നിവയിലാണ് പിരിച്ചുവിടുന്നവർക്ക് പകരം സ്വദേശികളായ പുതിയ അധ്യാപകരെ നിയമിക്കുന്നത്.
പിരിച്ചു വിടുന്ന അധ്യാപകരുമായുള്ള സാമ്പത്തിക ഇടപാടുകൾ അതത് മാതൃരാജ്യങ്ങളിലെ കുവൈത്ത് എംബസികൾ വഴി നൽകുന്നതിനുള്ള ക്രമീകരണങ്ങൾക്കായി വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന സിവിൽ സർവീസ് കമ്മീഷനിൽ നിന്ന് ഉപദേശം തേടും.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 330 ഓളം അധ്യാപകരെ കുവൈത്തിലേക്ക് തിരികെ കൊണ്ടുവരാൻ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൽ വിസ കാലഹരണപ്പെട്ട വർക്ക് പുതിയ വിസകൾ നൽകി രാജ്യത്ത് തിരികെ എത്തിക്കാനാണ് ശ്രമം. കണക്ക്, രസതന്ത്രം, ഇംഗ്ലീഷ്, ഭൗതികശാസ്ത്രം എന്നിവ പഠിപ്പിക്കുന്ന അധ്യാപകരെയാണ് കുവൈത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്.
COVID-19 വ്യാപിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഓഗസ്റ്റിൽ ഒട്ടനവധി രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ കുവൈത്ത് നിരോധിച്ചിരുന്നു. സ്വന്തം രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ പോയ ആയിരക്കണക്കിന് പ്രവാസികളാണ് ഇതുമൂലം വലഞ്ഞത്.