പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ കർശന നിലപാട്; അമേരിക്ക-സൗദി ഇടപെടൽ

0
103
pahalgam

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തുടർന്നുള്ള പ്രതികരണങ്ങൾ ഇന്നും ഉയർന്ന തോതിൽ ചർച്ച ചെയ്യപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും  അമിത് ഷായും സാഹചര്യം വിലയിരുത്തി. കഴിഞ്ഞ രാത്രി കരസേനാ മേധാവിയുമായി പ്രധാനമന്ത്രി ഉയർന്ന തലത്തിലുള്ള കൂടിക്കാഴ്ച നടത്തിയിരുന്നു.

വെടിനിരോധന കരാർ ലംഘിക്കുന്നതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കെ, പ്രധാനമന്ത്രി മോദി സേനയ്ക്ക് തിരിച്ചടിക്കായി സ്വതന്ത്ര നടപടി എടുക്കാനുള്ള അധികാരം നൽകിയിരിക്കുന്നു. ഈ സാഹചര്യത്തിൽ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയെ സമീപിച്ച് ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മാര്‍ക്കോ റൂബിയോ സംസാരിച്ചു.സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു.ഭീകരാക്രമണത്തിന്റെ അന്വേഷണത്തിൽ പാകിസ്ഥാൻ സഹകരിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു.ഇന്ത്യ പാകിസ്ഥാൻ സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് സൗദി അറേബ്യ ഇന്നലെ പ്രസ്താവന ഇറക്കി. പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നത് ഇന്നലെ കേന്ദ്ര സർക്കാർ വിലക്കിയിരുന്നു.