ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നവർക്ക് എട്ടു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. ചില അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ദരിച്ചാണ് ഈ റിപ്പോർട്ടുകളെത്തുന്നത്. അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ വ്യോമസേനാ മേധാവി ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങുകൾക്കിടെയാണ് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായതെന്നാണ് സൂചന.
ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ബാഗ്ദാദിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ സുലൈമാനി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടത്. ട്രംപിന്റെ ഉത്തരവ് പ്രകാരം സുലൈമാനിയെ ലക്ഷ്യം വച്ചു തന്നെ നടന്ന ആക്രമണമായിരുന്നു ഇതെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
ഇതോടെ അമേരിക്കയ്ക്കെതിരെ നിലപാടു കടുപ്പിച്ച ഇറാൻ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണമുണ്ടാവുകയും ചെയ്തു. എന്നാൽ ഇതിന് പിന്നിൽ ഇറാനാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ ട്രംപും ഭീഷണിയുമായെത്തി. യുഎസ് കേന്ദ്രങ്ങൾക്കോ പൗരന്മാർക്കോ എന്തെങ്കിലും സംഭവിച്ചാൽ ഏത് ആയുധവും പ്രയോഗിക്കാൻ മടിക്കില്ലെന്നായിരുന്നു പ്രഖ്യാപനം.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തിൽ ആശങ്ക ഉയർത്തി ഇറാനിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഖ്യോമിലെ ജംകരന് മുകളിൽ ചെങ്കൊടിയും ഉയർന്നു. ഇത് യുദ്ധമുന്നറിയിപ്പാണെന്നായിരുന്നു അഭ്യൂഹങ്ങൾ. തുടർന്ന് ആണവക്കരാറിൽ നിന്ന് ഇറാൻ പിന്മാറിയതും ഭീതി ഉയർത്തി. ഇതിന് പിന്നാലെയാണ് ട്രംപിന്റെ തലയ്ക്ക് വിലയിട്ടെന്ന പ്രഖ്യാപനമെത്തുന്നത്.
80 മില്യണ്‍ ജനങ്ങള്‍ ഇറാനിലുണ്ട്. ഈ എണ്ണം കണക്കിലെടുത്താണ് 8 കോടി ഡോളര്‍ വിലയിട്ടത്. മിലിട്ടറി കമാൻഡർ ഖാസിം സുലൈമാനിയുടെ ഭൗതിക ശരീരം സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം.