ഒരു നെറ്റ്ഫ്ലിക്സ് സീരീസിന് വേണ്ട എല്ലാ നാടകീയതയും ഹൈപ്പും ഇന്ത്യ-പാക് മത്സരത്തിനുണ്ടായിരുന്നു. പക്ഷേ കളി തുടങ്ങിയപ്പോൾ കണ്ടത് വൺ-സൈഡ് പോരാട്ടം.പാകിസ്താനെ മൈതാനത്തിന്റെ എല്ലാ കോണിലും തളച്ചിട്ട ഇന്ത്യൻ ബൗളർമാർ ഒരു ഘട്ടത്തിൽ വിക്കറ്റ് ആഘോഷം പോലും നിർത്തിവെച്ചു. അത്രമേൽ ദയനീയമായിരുന്നു പാക് പടയുടെ കീഴടങ്ങൽ.
- സിലബസിന് പുറത്തുനിന്ന് കിഷൻ വന്നപ്പോൾ
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത പാക് നായകൻ സൽമാൻ അലി ആഘ, ആദ്യ ഓവർ തന്നെ സ്വയം എറിഞ്ഞ് അഭിഷേക് ശർമ്മയെ പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ പാകിസ്താന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ഇഷാൻ കിഷൻ ആയിരുന്നു. ഷഹീൻ അഫ്രീദിയുടെ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി തുടങ്ങിയ കിഷൻ, പവർപ്ലേയെ വിൻഡീസ് ബാറ്റിംഗ് പോലെ വെടിക്കെട്ടാക്കി മാറ്റി. ഇഷാൻ കിഷൻ 40 പന്തിൽ 77 റൺസ് (ഫെറോസിയസ് ഇന്നിംഗ്‌സ്!) ഒപ്പം തിലക് വർമ്മ പവർപ്ലേയിൽ കിഷന് മികച്ച പിന്തുണ നൽകി. അഞ്ചാം ഓവർ കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യ 52/1 എന്ന ശക്തമായ നിലയിലായിരുന്നു. അബ്രാർ അഹമ്മദിന്റെ സ്പിന്നിനെയും ഷദാബ് ഖാന്റെ ലെഗ് സ്പിന്നിനെയും കിഷൻ അതിർത്തി കടത്തി. വെറും 27 പന്തിൽ താരം അർദ്ധ സെഞ്ച്വറി തികച്ചു. ഒടുവിൽ സയിം അയ്യൂബിന്റെ പന്തിൽ ബൗൾഡാകുമ്പോൾ 87 റൺസിന്റെ കൂട്ടുകെട്ട് കിഷൻ പടുത്തുയർത്തിയിരുന്നു. മധ്യ ഓവറുകളിൽ സയിം അയ്യൂബ് മൂന്ന് വിക്കറ്റുകളുമായി ഇന്ത്യയെ ഒന്ന് വിറപ്പിച്ചെങ്കിലും സൂര്യകുമാർ യാദവിന്റെ പക്വതയാർന്ന 32 റൺസും, ശിവം ദുബെയുടെ (27) വെടിക്കെട്ടും, റിങ്കു സിംഗിന്റെ കാമിയോയും (11) ചേർന്ന് ഇന്ത്യയെ 175/7 എന്ന മികച്ച ടോട്ടലിലെത്തിച്ചു.
- തകർന്നടിഞ്ഞ് പാക് ബാറ്റിംഗ് നിര
176 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന് തുടക്കം തന്നെ പിഴച്ചു. ആദ്യ ഓവറിൽ തന്നെ ഹാർദിക് പാണ്ഡ്യ ഷാഹിബ്സാദ ഫർഹാനെ മടക്കി. പിന്നാലെ ജസ്പ്രീത് ബുംറ പാക് നായകൻ സൽമാൻ അലി ആഘയെയും പുറത്താക്കി. മത്സരത്തിലെ ഏറ്റവും ദയനീയമായ കാഴ്ച ബാബർ അസമിന്റെ വിക്കറ്റായിരുന്നു. അക്ഷർ പട്ടേലിന്റെ പന്തിൽ അനാവശ്യമായ ഒരു സ്ലോഗ് ഷോട്ടിന് മുതിർന്ന ബാബറിന്റെ മിഡിൽ സ്റ്റമ്പ് തെറിക്കുമ്പോൾ പാകിസ്താന്റെ ആത്മവിശ്വാസം പൂർണ്ണമായും തകർന്നു. ഉസ്മാൻ ഖാൻ 34 പന്തിൽ 44 റൺസ് നേടി ഒറ്റയാൾ പോരാട്ടത്തിന് നടത്തിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല.
- പടക്കക്കട കത്തി പിടിച്ച പോലെയായി പാകിസ്താന്റെ ബാറ്റിംഗ് നിര
ബാറ്റിംഗിന് ഇറങ്ങിയ പാക് പടയുടെ തകർച്ച ദയനീയമായിരുന്നു. പടക്കകടയ്ക്ക് തീപിടിച്ചതുപോലെയാണ് പാക്കിസ്ഥാൻ ബാറ്റിംഗ് നിര ഒന്നൊന്നായി തകർന്നടിഞ്ഞത്. ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത വിധം വിക്കറ്റുകൾ ചറപറ വീണുകൊണ്ടിരുന്നു. പാകിസ്താൻ 114 റൺസിന് ഓൾ ഔട്ട്.
ഭാവനയറ്റ ബാറ്റിംഗും സമ്മർദ്ദത്തിന് അടിപ്പെട്ട പ്ലാനിംഗും പാകിസ്താനെ നാണം കെടുത്തിയപ്പോൾ, ആധികാരികമായ ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു. ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യ ഒരു കംപ്ലീറ്റ് ടീമായി മാറിയ രാത്രിയായിരുന്നു കൊളംബോയിലേത്.
































