കുവൈറ്റ് സിറ്റി :ജാതി-മത വർഗ-രാഷ്ട്രീയ ചിന്തകൾക്ക് അധീതമായി കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്ത് 15 വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന സാധാരണക്കാരുടെ കൂട്ടായ്മയാണ് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ). പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിൽ നാട്ടുകാരോടൊപ്പം ഒത്തുകൂടാനുള്ള ഒരു വേദിയാണ് കെ.ഡി.എൻ.എ.. കഴിഞ്ഞ വർഷങ്ങൾക്കിടയിൽ 10 ലധികം സഹോദരങ്ങൾ കുവൈത്തിലും നാട്ടിലുമായി സംഘടനക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കെ.ഡി.എൻ.എ യുടെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം മരണപ്പെട്ട അംഗങ്ങളുടെ
കുടുംബങ്ങൾക്ക് പ്രചാരണ കോലാഹലങ്ങളില്ലാതെ സഹായധനം നൽകി വരുന്നുണ്ട്. കൂടാതെ
അപകടത്തിൽപെടുന്ന മെമ്പർമാർക്കും സഹായങ്ങൾ നൽകി വരുന്നു. മെമ്പർമാർ അല്ലാത്തവരുടെയും നിരവധി
അപേക്ഷകൾ സംഘടനക്ക് ലഭിക്കുമ്പോഴും സാധ്യമായ സഹായങ്ങൾ ചെയ്തു വരുന്നു. അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്തും കലാ രംഗത്തും മുന്നിട്ട് നിൽക്കുന്നവർക്ക് പ്രോത്സാഹനം നൽകി വരുന്നു.അംഗങ്ങളുടെ മെഡിക്കൽ സംബന്ധിച്ച വിഷയങ്ങൾക്ക് സഹായം നൽകുന്നതിനായി കുവൈറ്റിലെ മെഡിക്കൽ രംഗത്ത് അറിയപ്പെടുന്ന പ്രഗത്ഭരുടെ നേതൃത്വത്തിൽ ശക്തമായ ഒരു “മെഡിക്കൽ വിങ്” പ്രവർത്തിച്ചുവരുന്നു. ഓണം – ഈദ് ആഘോഷങ്ങൾ, ഇഫ്താർ വിരുന്നുകൾ, വിനോദ യാത്രകൾ തുടങ്ങിയ സാമൂഹികാഘോഷങ്ങളും സമൂഹത്തിലെ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനു ഉതകുന്ന നിരവധിയുള്ള പരിപാടികളും അവബോധ ക്ലാസ്സുകളും സംഘടന നടത്തിവരുന്നു.
കെ.ഡി.എൻ.എ യുടെ മെഗാ പ്രോഗ്രാം ‘മലബാർ മഹോത്സവം -2026 ‘ ഫെബ്രുവരി 13 വെള്ളിയാഴ്ച 2 മണിക്കുള്ള മൈലാഞ്ചി മത്സരത്തോടെ ആരംഭിക്കും. എല്ലാതവണയും ഉന്നത ശീർഷനായ ഒരു സാംസ്‌കാരിക നായകൻ സംബന്ധിക്കുന്നു എന്നത് തന്നെ സംഘടനയുടെ സാംസ്‌കാരിക മുഖം വെളിവാക്കുന്നതാണ്. പ്രശസ്ത നടനും നിർമാതാവുമായ ഹരീഷ് പേരടിയാണ് ഇത്തവണ മലബാർ മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തുന്നത്. പ്രവാസി സമൂഹത്തിലെ സാഹിത്യ പ്രതിഭകളെ കണ്ടെത്തുകയും അവർക്കു വേദി ഒരുക്കുകയും ലക്ഷ്യമാക്കി മലബാർ മഹോത്സവത്തോടനുബന്ധിച്ച് ‘കഥാരസം’ എന്ന പേരിൽ ചെറുകഥാ മത്സരവും സംഘടിപ്പിച്ചിരുന്നു. ഗസൽ വിരുന്ന്, സാംസ്‌കാരിക സമ്മേളനം, ഗായിക മഞ്ജരിയും ബാൻഡും നടത്തുന്ന ലൈവ് മ്യൂസിക്കൽ കൺസേർട്, ആസിഫ് കാപ്പാടിൻറെ സംഗീത വിരുന്ന്, അറബ്-ഇന്ത്യൻ സംസ്കാരങ്ങളിലുള്ള നൃത്തങ്ങൾ തുടങ്ങി നിരവധി കലാ പരിപാടികൾ അരങ്ങേറുന്നതാണ്. കുവൈറ്റിലെ പൊതു സമൂഹത്തെയും, മാധ്യമ – വ്യവസായിക പ്രമുഖരെയും ഉച്ചക്ക് 3 മണിക്ക് മുൻപായി തന്നെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ ഒരുക്കുന്ന ‘കോഴിക്കോട്ടങ്ങാടി’ യിലേക്ക് സ്വാഗതം ചെയ്യുന്നു.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ: സന്തോഷ് പുനത്തിൽ (പ്രസിഡന്റ്), ശ്യാം പ്രസാദ് (ജനറൽ സെക്രട്ടറി), കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത (അഡ്വൈസറി ബോർഡ് അംഗങ്ങൾ),ഇല്യാസ് തോട്ടത്തിൽ (മുൻ പ്രസിഡന്റ്), ലീന റഹ്മാൻ (വുമൺ ഫോറം, പ്രസിഡന്റ്)

































