ആവേശത്തിന്റെ പെരുമ്പറ മുഴക്കി കെഫാക് അന്തർ ജില്ലാ സോക്കർ & മാസ്റ്റേഴ്സ് ലീഗ് 2024-25

0
108

കുവൈത്ത് സിറ്റി : കേരള എക്സ്പ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് (കെഫാക്) അന്തർ ജില്ലാ ഗ്രൂപ്പ് തല രണ്ടാം ഘട്ട മത്സരങ്ങളിൽ കടുത്ത മത്സരങ്ങൾക്ക് മിഷ്രിഫിലെ പബ്ലിക് അതോറിറ്റിട്ടി ഫോർ സ്പോർട്സ് ഗ്രൗണ്ട് വേദിയായി. ആക്രമണ ഫുട്ബോളിന്റെ മികച്ച നിമിഷങ്ങൾ സമ്മാനിച്ച സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ കൃഷ്ണ ചന്ദ്രന്റെ പെനാൽറ്റി ഗോളിൽ മുന്നിട്ടു നിന്നിരുന്ന ഇ. ഡി. എ എറണാകുളത്തിനെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സിബിനും ശിവയും നേടിയ മിന്നുന്ന ഗോളുകളിലൂടെ 2-1 എന്ന സ്കോറിനു മറി കടന്നു കെ. ഇ. എ കാസർഗോഡ് നിർണ്ണായക വിജയം സ്വന്തമാക്കി. സോക്കർ ലീഗിലെ രണ്ടാം മത്സരത്തിൽ ഫോകെ കണ്ണൂരിനെ 3-1 നു പരാജയപ്പെടുത്തി എംഫാക് മലപ്പുറം തുടർച്ചയായി രണ്ടാം വിജയം നേടി. നജീം (2) റമീസ് എന്നിവർ മലപ്പുറത്തിന്റെ ഗോളുകൾ നേടിയപ്പോൾ ഷാനിബാൻ കണ്ണൂരിന്റെ ആശ്വാസ ഗോൾ നേടി. പൊരുതി കളിച്ച വയനാടിനെ ജിനീഷ് നേടിയ ഏക ഗോളിന് കീഴ്പ്പെടുത്തി പാലക്കാട്‌ ആദ്യ ജയം സ്വന്തമാക്കി. തുല്യ ശക്തികളുടെ പോരാട്ടം കണ്ട ടിഫാക് തിരുവനന്തപുരം – കോഴിക്കോട് മത്സരത്തിൽ ശ്യാമിന്റെ ഗോൾ നേട്ടത്തിലൂടെ കോഴിക്കോട് നിർണ്ണായക വിജയം നേടി. ശിവ (കെ. ഇ. എ കാസർഗോഡ്)നജീം (എംഫാക് മലപ്പുറം)നിതിൻ (പാലക്കാട്‌) അമീസ് (കോഴിക്കോട്) എന്നിവർ സോക്കർ ലീഗ് മത്സരങ്ങളിലെ മോസ്റ്റ്‌ വാല്യൂബിൾ പ്ലേയർ (MVP) അവാർഡുകൾക്ക് അർഹരായി.

മാസ്റ്റേഴ്സ് ലീഗിലെ ആദ്യ മത്സരത്തിൽ ഷോബിയും സന്തോഷും നേടിയ രണ്ടു ഗോളിന്റെ ബലത്തിൽ ട്രാസ്ക് തൃശൂർ പാലക്കാടിനെതിരെ ഏകപക്ഷീയ വിജയം നേടി. കോഴിക്കോടും ഫോകെ കണ്ണൂരും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചപ്പോൾ വിയർത്തു കളിച്ച വയനാടിനെ ഏക ഗോളിന് തോൽപ്പിച്ചു ഇ. ഡി. എ എറണാകുളം കരുത്തു തെളിയിച്ചു. സനു ആണ് എറണാകുളത്തിനു വേണ്ടി ഗോൾ നേടിയത്. ആവേശം വാനോളമുയർന്ന കെ. ഇ. എ കാസർഗോഡ് – ടിഫാക് തിരുവനന്തപുരം മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു.ബൈജുവും ക്ലീറ്റസും തിരുവനന്തപുരത്തിനു വേണ്ടി ഗോളുകൾ നേടിയപ്പോൾ സുമേഷും സിറാജുമാണ് കാസർഗോഡിന്റെ ഗോൾ നേട്ടക്കാർ.സജീവ് (ട്രാസ്ക് തൃശൂർ) വിപിൻ (ഫോകെ കണ്ണൂർ)നിതിൻ (ഇ. ഡി. എ എറണാകുളം) സുമേഷ് (കെ. ഇ. എ കാസർഗോഡ്) എന്നിവരാണ് മാസ്റ്റേഴ്സ് ലീഗ് മൽസരങ്ങളിലെ മോസ്റ്റ്‌ വാല്യൂബിൾ പ്ലേയർസ് (MVP) അവാർഡുകൾ നേടിയത്.

അടുത്ത വെള്ളിയാഴ്ച മിഷ്രിഫിലെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിൽ നടക്കുന്ന മൂന്നാം ഘട്ട മത്സരങ്ങളിൽ മാസ്റ്റേഴ്സ് ലീഗിൽ നിർണ്ണായകമായ എംഫാക് മലപ്പുറം – വയനാട്, കെ. ഇ. എ കാസർഗോഡ് -കോഴിക്കോട്, ഇ. ഡി. എ എറണാകുളം-+ട്രാസ്ക് തൃശൂർ, ഫോകെ കണ്ണൂർ -ടിഫാക് തിരുവനന്തപുരം മത്സരങ്ങൾ നടക്കും. സോക്കർ ലീഗിൽ എംഫാക് മലപ്പുറം – ടിഫാക് തിരുവനന്തപുരത്തെയും വയനാട് -ഇ. ഡി. എ എറണാകുളത്തെയും ഫോകെ കണ്ണൂർ – ട്രാസ്ക് തൃശൂരിനെയും കെ. ഇ. എ കാസർഗോഡ് – പാലക്കാടിനെയും നേരിടും.