ആര്‍എസ്എസ്-ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയ്‌ക്കെതിരെ മുഖ്യമന്ത്രി

0
123

ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് ചര്‍ച്ചയില്‍ ദുരൂഹതയുണ്ടെന്നും ചര്‍ച്ച ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നടന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസിന്റെ അജണ്ട തിരിച്ചറിയുന്നവരാണ് ന്യൂനപക്ഷങ്ങള്‍. ന്യൂനപക്ഷം ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമി ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി.

ജമാഅത്തെ ഇസ്ലാമി എന്ന പേര് ഉണ്ടെങ്കിലും അവര്‍ക്ക് മറ്റൊരു രൂപമുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി മുസ്ലീം ലീഗുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടിയവരാണ്. ചര്‍ച്ച ജമാഅത്തെ ഇസ്ലാമിയുടെ ബുദ്ധിയില്‍ മാത്രം ഉദിച്ചതല്ലെന്നും കോണ്‍ഗ്രസിനും ലീഗിനും അതില്‍ പങ്കുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസിന് നേരത്തെ ആര്‍എസ്എസിനോട് താല്‍പര്യമുണ്ട്. നടന്നത് ഏറെ ദുരൂഹമായ സംഭവമാണ്. വര്‍ഗീയത കരണം ഈ മണ്ണില്‍ ജീവിക്കാന്‍ കഴിയുമോ എന്ന് തന്നെ ആശങ്കയാണ് ജനങ്ങള്‍ക്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.