വിബ്ജിയോർ ടിവി വീണ്ടും പ്രവർത്തനം പുനരാരംഭിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സ്വന്തം ടെലിവിഷൻ ചാനലായ വിബ്ജിയോർ വീണ്ടും പ്രവർത്തനം പുനരാരംഭിക്കുന്നു. വിഷു ദിനത്തിലാണ് കൂടുതൽ പുതുമയാർന്ന പരിപാടികളുമായി ചാനൽ മിഴി തുറക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ കുവൈത്ത് മലയാളികൾക്കിടയിൽ ശ്രദ്ധേയമായ നിരവധി പരിപാടികൾ കാഴ്ച വെച്ച വിബ്ജിയോർ സ്റ്റുഡിയോ നവീകരണ പ്രവൃത്തികളുടെ ഭാഗമായി കഴിഞ്ഞ രണ്ടു മാസമായി ഇൻഹൗസ് പരിപാടികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. കുവൈത്തിലെ കേബിൾ നെറ്റ് വർക്കുകളിലും ലോകമെമ്പാടുമുള്ള ഐ പി ടി വി പ്ലാറ്റ്ഫോമുകളിലും ചാനൽ ലഭ്യമായിരിക്കുമെന്ന് വിബ്ജിയോർ സി ആർ ഒ നിജാസ് കാസിം അറിയിച്ചു . ഇൻഷോട്ട് മീഡിയ ഫാക്റ്ററിയുടെ കീഴിൽ ആധുനിക സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ചാണ് വിബ്ജിയോർ ടി വിയുടെ രണ്ടാം വരവെന്ന് പ്രോഗ്രാം ഡയറക്ടർ ഷാജഹാൻ പറഞ്ഞു.