കുവൈറ്റിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 200 കടന്നു; ഇന്ന് സ്ഥിരീകരിച്ചത് 17 പേർക്ക്

കുവൈറ്റ്: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ന് 17 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതര്‍ 225 ആയി. ഇതിൽ 57 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള 168 പേരില്‍ 11 പേർ ഐസിയുവിലാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ച് പേരിൽ നാല് പേർ വിദേശത്തു നിന്ന് മടങ്ങിയെത്തിയ സ്വദേശിയുമായി സമ്പർക്കം പുലര്‍ത്തിയത് വഴി വൈറസ് പകര്‍ന്നവരാണ്. അഞ്ചാമൻ ജോർദാനിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസിയും.

ഏഴ് സ്വദേശികളും രണ്ട് പ്രവാസികളും ഉൾപ്പെടെ ഒൻപത് പേർക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നതാണ്. ബാക്കി മൂന്നു പേർ എങ്ങനെ വൈറസ് ബാധിതരല്ലെന്ന് വ്യക്തമല്ല എന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.