കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

0
23

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനം ജനുവരി 2-ന് വൈകുന്നേരം 5 മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടക്കും.

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് റസാക്ക് മാസ്റ്റർ, സമ്മേളനം ഉദ്ഘാടനം ചെയ്യും. വടകര എംപി ഷാഫി പറമ്പിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ മുഖ്യാതിഥികൾ ആയി സമ്മേളനത്തിൽ പങ്കെടുക്കും.

കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിലെ നേതാക്കൾ,
സാമൂഹ്യ–സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുടെ
സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജീവ കാരുണ്യ വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്കുള്ള സയ്യിദ് അബ്ദുറഹ്മാൻബാഫഖി തങ്ങളുടെ നാമധേയത്തിലുള്ള അവാർഡ് പ്രഖ്യാപനവും വിതരണവും നടക്കും.
സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്പീക് അപ്’ പ്രസംഗ
മത്സരം, വനിതാ വിംഗ് സംഘടിപ്പിച്ച മൈലാഞ്ചി മത്സരം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും സമ്മേളന വേദിയിൽ വെച്ച് നടക്കും.

പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള സമർത്ഥരായ കുട്ടികളെ കണ്ടെത്തി, അവർക്ക് കേന്ദ്ര–സംസ്ഥാന സർക്കാർ സർവീസുകളിലേക്ക് എത്തുന്നതിനാവശ്യമായ മാർഗനിർദ്ദേശം, പരിശീലനം, പഠന സഹായം എന്നിവ നൽകുന്ന ‘Brainspire’ എന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതി സമ്മേളനത്തിൽ അവതരിപ്പിക്കും. സാമൂഹ്യനീതിയും വിദ്യാഭ്യാസ ശാക്തീകരണവും ലക്ഷ്യമിടുന്ന ഈ പദ്ധതി കെഎംസിസിയുടെ ഭാവി
പ്രവർത്തനങ്ങളിൽ പ്രധാന സ്ഥാനമെടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. വിപുലമായ ജനപങ്കാളിത്തത്തോടെ സമ്മേളനം വിജയകരമായി നടത്തുന്നതിനായി വിവിധ ഉപസമിതികൾ സജീവമായി പ്രവർത്തിച്ചുവരികയാണെന്നും, കുവൈത്തിലെ മുഴുവൻ മലയാളി സമൂഹത്തെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും കുവൈത്തിന്റെ വിവിധ മേഖലകളിൽ നിന്നു സമ്മേളന വേദിയിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു.