കല കുവൈറ്റ്‌ സാൽമിയ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

0
28

കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ – കല കുവൈറ്റ്‌ സാൽമിയ മേഖല സമ്മേളനം സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ എം കെ സിദ്ധിക്ക് നഗറിൽ മേഖല പ്രസിഡന്റ് അബ്ദുൾ നിസ്സാറിന്റെ താൽക്കാലിക അധ്യക്ഷതയിൽ കല കുവൈറ്റ് മുൻ ഭാരവാഹി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഗായകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മേഖല എക്സിക്യൂട്ടീവ് അംഗം സന്തോഷ് രഘു അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ദുൾ നിസ്സാർ, അരവിന്ദാക്ഷൻ, അജിത ശിവരാമൻ എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ കല കുവൈറ്റ് പ്രസിഡന്റ്‌ മാത്യു ജോസഫ് സംഘടന റിപ്പോർട്ടും സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ മേഖല പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 13 യൂണിറ്റുകളിൽ നിന്നുമായി 107 പ്രതിനിധികളും, കേന്ദ്ര – മേഖല കമ്മറ്റി അംഗങ്ങൾ അടക്കം 154 പേർ സമ്മേളനത്തിൽ പങ്കെടുത്തു. അടുത്ത പ്രവർത്തന വർഷത്തിൽ സാൽമിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല പ്രസിഡന്റായി അജിത് പട്ടമന, സെക്രട്ടറിയായി ശരത് ചന്ദ്രൻ എന്നിവരെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. ഭാരവാഹികളടക്കം 28 അംഗങ്ങളുൾപ്പെടുന്നതാണ് മേഖല കമ്മിറ്റി. പ്രവാസികളെയും മലയാളി സമൂഹത്തെയും സംബന്ധിച്ച വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗവും മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറിയുമായ ജെ സജി, കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

സമ്മേളനത്തിന്റെ സംഘാടകസമിതി സ്വാഗത സംഘം ചെയർമാൻ ഷിജുകുട്ടി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് പുതുതായി തെരെഞ്ഞെടുത്ത സെക്രട്ടറി ശരത് ചന്ദ്രൻ നന്ദി പറഞ്ഞു.