ഒരുമയുടെ സന്ദേശമോതി ഇടുക്കി അസോസിയേഷന്‍ കുവൈത്ത് ‘ഓണാരവം 2026’ ആഘോഷിച്ചു

0
28

കുവൈറ്റ് സിറ്റി : ഇടുക്കി അസോസിയേഷന്‍ കുവൈത്തിന്റെ (IAK) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമവും ഓണാഘോഷവുമായ ‘ഓണാരവം 2026’ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ഒരുമയുടെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നുനൽകിയ ആഘോഷത്തിൽ ഇടുക്കി അസോസിയേഷൻ കുവൈത്തിന്റെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

താലപ്പൊലി, ചെണ്ടമേളം, പുലികളി എന്നിവയുടെ അകമ്പടിയോടെയുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. കുവൈത്ത് ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ (KTUF) ഉപദേശകനും എക്‌സ്പാട്രിയേറ്റ് ലേബര്‍ വിഭാഗം മേധാവിയുമായ മുഹമ്മദ് അബ്ദുള്ള അല്‍ ആരാദ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കുവൈത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അനില്‍ പി. അലക്‌സ് (കേരള പ്രസ്സ് ക്ലബ് കുവൈത്ത് ജനറല്‍ സെക്രട്ടറി), കെ.റ്റി.യു.എഫ് അംഗങ്ങളായ നാസ്സര്‍ ഷഷാസ്ത്രി,ഷക്ക്‌റാ അല്‍ ഖബന്ധി എന്നിവരും സന്നിഹിതരായിരുന്നു. വിവിധ സ്‌പോണ്‍സര്‍മാരുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

ഐ.എ.കെ. പ്രസിഡന്റ് അനീഷ് പ്രഭാകരന്‍, ജനറല്‍ സെക്രട്ടറി ജോണ്‍ലി തുണ്ടിയില്‍, ട്രഷറര്‍ ബിജോ ജോസഫ്, ഓണം പ്രോഗ്രാം കണ്‍വീനര്‍ ജോമോന്‍ പി. ജേക്കബ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സോണിയ സുജോ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിനു ആഗ്‌നെല്‍, എന്നിവരുടെ നേതൃത്വത്തില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം എക്‌സിക്യൂട്ടീവ്‌സ്, വിപുലമായ സംഘാടക സമിതി എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഐ.എ.കെ. വൈസ് പ്രസിഡന്റ് ഷിജു ബാബു, സെക്രട്ടറി ടെറന്‍സ് ജോസ്, ജോയിന്റ് ട്രെഷറര്‍ സോജന്‍ ജോസഫ് എന്നിവര്‍ വിവിധ കമ്മിറ്റികളോടൊപ്പം പരിപാടികള്‍ ഏകോപിപ്പിച്ചു. ഐ.ഐ.കെ. എക്സിക്യൂട്ടീവ് അംഗം ബിജു ജോസിന്റെ നേതൃത്വത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി.

ഐ.എ.കെ അംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, മാജിക് ഷോ, വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന പായസ മത്സരം, ഫോട്ടോബൂത്ത് തുടങ്ങിയവ ഓണാരവം 2026-ന്റെ പ്രധാന ആകര്‍ഷണങ്ങളായി. കുവൈത്തിലെ ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയും സാംസ്‌കാരിക പൈതൃകവും വിളിച്ചോതിയ ഓണാരവം 2026, അംഗങ്ങളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തത്തോടെ സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും മനോഹരമായ ആഘോഷമായി മാറി.