ഇറാൻ ആക്രമണത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുരുതര നാശം സംഭവിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
25

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ ആക്രമണങ്ങളിൽ കുവൈത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുരുതര നാശനഷ്ടങ്ങൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ, ജല ഡിസാലിനേഷൻ പ്ലാന്റുകൾ, ഇന്ധന ടാങ്കുകൾ എന്നിവയും ഉൾപ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങളെ ആക്രമിച്ചു.ആഭ്യന്തര മന്ത്രാലയ വക്താവും സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്‌ലൈബ് ബുധനാഴ്ച നടത്തിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കുവൈത്ത് പെട്രോളിയം കോർപ്പറേഷനും വൈദ്യുതി, ജലം, നവീകരണ ഊർജ മന്ത്രാലയത്തിനും കീഴിലുള്ള നിരവധി പ്രധാന സ്ഥാപനങ്ങൾക്കെതിരെ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയതായി അദ്ദേഹം പറഞ്ഞു.ഈ ആക്രമണങ്ങൾ എണ്ണ സ്ഥാപനങ്ങൾ, മൂന്ന് വൈദ്യുതി നിലയങ്ങൾ, ജല ഡിസാലിനേഷൻ പ്ലാന്റുകൾ എന്നിവയെ ലക്ഷ്യമിട്ടതായും, അതിനെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്കും ഉൽപ്പാദന യൂണിറ്റുകൾക്കും ഇന്ധന ടാങ്കുകൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചില സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടായതായും വ്യക്തമാക്കി. അതേസമയം, ഡിഫൻസ് ഇന്റർസെപ്ഷൻ നടപടികളുടെ ഭാഗമായി വീണ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട് 18 പരാതികൾ എക്‌സ്‌പ്ലോസീവ് ഓർഡിനൻസ് ഡിസ്പോസൽ സംഘങ്ങൾ കൈകാര്യം ചെയ്തതായും, ആക്രമണം ആരംഭിച്ചതിനുശേഷം ലഭിച്ച മൊത്തം പരാതികളുടെ എണ്ണം 776 ആയി ഉയർന്നതായും ബൗസ്‌ലൈബ് പറഞ്ഞു.