കുവൈത്ത് സിറ്റി : സബ അൽ അഹ്മദ് മറൈൻ സിറ്റിയിൽ നിരവധി പാരിസ്ഥിതിക നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി എൻവിയോൺമെൻറ് പബ്ലിക് അതോറിറ്റി (ഇപിഎ) അറിയിച്ചു. നിയമലംഘകർക്ക് എതിരെ കടുത്ത നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് 250 ദിനാർ മുതൽ 5,000 ദിനാർ വരെ പിഴ ഈടാക്കും
നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കടലിലേക്ക് മലിനജലം നേരിട്ട് പമ്പ് ചെയ്യുന്നതും, മാലിന്യങ്ങളും അവശിഷ്ടങ്ങളും നിക്ഷേപ സ്ഥലങ്ങളിൽ അല്ലാത്ത പ്രദേശങ്ങളിൽ വലിച്ചെറിയുന്നതും ശ്രദ്ധയിൽ പെട്ടതായി EPA പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ
ഷെയ്ഖ അൽ ഇബ്രാഹിം കുവൈറ്റ് ന്യൂസ് ഏജൻസിയോട് (കുന) പറഞ്ഞു. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി പരിസ്ഥിതി പൊലീസ് ഉൾപ്പെടെയുള്ള സാങ്കേതിക സംഘം നഗരത്തിൽ പര്യടനം നടത്തിയിരുന്നു
സംഘം കണ്ടെത്തിയ പാരിസ്ഥിതിക നിയമ ലംഘനങ്ങൾക്ക് പുറമേ, സമുദ്രജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഫീൽഡ് ടെസ്റ്റുകളും നടത്തിയെന്നും അൽ ഇബ്രാഹിം കൂട്ടിച്ചേർത്തു. ഇപിഎ നിയമങ്ങളിലെ ആർട്ടിക്കിൾ (18), ആർട്ടിക്കിൾ (97), ആർട്ടിക്കിൾ (32) എന്നിവ അടിസ്ഥാനമാക്കി നിയമലംഘകർക്ക് സൈറ്റേഷൻ നൽകിയെന്ന് അദ്ദേഹം വിശദീകരിച്ചു. .