ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ 60ാം വയസ്സിൽ ചുട്ടുപഴുത്ത റോഡിലൂടെ ചെരുപ്പ് പോലുമില്ലാതെ മാരത്തൺ ഓടി ജയിച്ച ഒരു സ്ത്രീയുണ്ട്. മഹാരാഷ്ട്രയിലെ ലതാ ഭഗവാൻ കരെ എന്ന 60 വയസ്സുകാരിയാണത്. കൂലിപ്പണിക്കാരായ ഭർത്താവിന് പെട്ടെന്നൊരു അസുഖം ബാധിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഉടനെ തന്നെ എംആർഐ സ്കാൻ എടുക്കണം എന്ന് ഡോക്ടർ പറഞ്ഞു.
കയ്യിലാണെങ്കിൽ ഒരു രൂപ പോലും എടുക്കാനില്ല. സ്കാനിംഗിന് ഏകദേശം 5000 രൂപയോളം വേണം. അപ്പോഴാണ് ഹോസ്പിറ്റലിന്റെ മതിലിൽ ഒട്ടിച്ച ഒരു നോട്ടീസ് ലതാ ഭഗവാൻ കരെയുടെ ശ്രദ്ധയിൽ പെടുന്നത്. നഗരത്തിൽ ഒരു മാരത്തൺ മത്സരം നടക്കുന്നു, ജയിക്കുന്നവർക്ക് സമ്മാനം 5000 രൂപ! ഭർത്താവിനെ രക്ഷിക്കാൻ മറ്റൊരു വഴിയുമില്ലാതിരുന്ന ആ സ്ത്രീ രണ്ടാമതൊന്ന് ചിന്തിച്ചില്ല. കീറിപ്പറിഞ്ഞ സാരിയും ഉടുത്തു, വെറും കാലുമായി ആ 60-കാരി ട്രാക്കിലിറങ്ങി. കണ്ട് നിന്നവരൊക്കെ അന്തംവിട്ടു. ചുറ്റുമുള്ളവർ സ്പോർട്സ് ഷൂസും ജഴ്സിയും ഇട്ടു വാം അപ്പ് ചെയ്യുമ്പോൾ, ലതയുടെ മനസ്സിൽ ഭർത്താവിന്റെ മുഖം മാത്രമായിരുന്നു. ചുട്ടുപഴുത്ത ടാറിട്ട റോഡിലെ ചൂടിന് പോലും അവരെ തളർത്താനായില്ല. ഒടുവിൽ കാല് പൊട്ടി രക്തം ഒഴുമ്പോഴും അവർ ഓടുകയായിരുന്നു. കാരണം, അവർ ഓടിയത് മെഡലിന് വേണ്ടിയായിരുന്നില്ല.
ഒടുവിൽ, എല്ലാവരെയും പിന്നിലാക്കി ഒന്നാമതായി അവർ ഫിനിഷിംഗ് ലൈൻ തൊട്ടു. കിതച്ചുകൊണ്ട് അവർ സംഘാടകരോട് ചോദിച്ചു “എന്റെ ഭർത്താവിനെ രക്ഷിക്കാനുള്ള പൈസ എപ്പോഴാ കിട്ടുക?” ആ ഓട്ടം വെറുതെയായില്ല. ആ പൈസ കൊണ്ട് ഭർത്താവിന്റെ ചികിത്സയും നടത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തി.






























