ഭോപ്പാൽ:മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷാ, ഇന്ത്യൻ ആർമി ഓഫീസർ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ അപമാനകരമായ പരാമർശത്തിന് മാപ്പ് പറഞ്ഞു. ഈ പ്രസ്താവന വിവാദമായതോടെ മന്ത്രിയെതിരെ വൻതോതിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പ്രതിപക്ഷം അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതൃത്വവും ഷായുടെ അപക്വമായ അഭിപ്രായത്തെ ശക്തമായി എതിർത്തിരുന്നു.തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താൻ തയ്യാറാണെന്നും, സഹോദരിയേക്കാൾ കേണൽ ഖുറേഷിയെ താൻ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
എന്നിരുന്നാലും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഈ പരാമർശത്തെ അസഭ്യവും രാജ്യത്തിന് ലജ്ജാകരവുമായ പ്രവൃത്തി എന്ന് വിശേഷിപ്പിച്ചു.ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്ന് ഖർഗെ കുറ്റപ്പെടുത്തുകയും ചെയ്തു.
ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹോദരിയെ പാകിസ്താനിലേക്ക് അയച്ചത്. നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തത്. അവർ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെൺമക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാണ്, എന്നാണ് വിജയ് ഷാ പറഞ്ഞത്. പിന്നാലെ പ്രസംഗം വിവാദമായതോടെയാണ് മന്ത്രി ക്ഷമാപണം നടത്തിയത്.