കുവൈത്തിൽ റേഡിയേഷൻ നില സാധാരണ നിലയിലാണെന്ന് നാഷണൽ ഗാർഡ്

0
24

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വായുമണ്ഡലത്തിലും പ്രദേശിക സമുദ്രത്തിലും റേഡിയേഷൻ നില സാധാരണ നിലയിലാണെന്ന് നാഷണൽ ഗാർഡ് അറിയിച്ചു. നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവും ഡയറക്ടർ ഓഫ് മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസുമായ ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ശൈഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയോളജിക്കൽ മോണിറ്ററിംഗ് സെന്ററിലെ വിദഗ്ധ സംഘം ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ചേർന്ന് സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണെന്ന്.
റേഡിയേഷൻ നിരീക്ഷണ സംവിധാനം 24 മണിക്കൂറും പൂർണ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നുവെന്നും, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നടപടികൾ തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ അഭ്യൂഹങ്ങൾ വിശ്വസിക്കാതെ ഔദ്യോഗിക വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും അദ്ദേഹം അഭ്യർഥിച്ചു.

മേഖലയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്ന് നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് കുവൈത്തിലേക്കുള്ള എല്ലാ കരയതിർത്തികളും സൗദി അറേബ്യ തുറന്നു. കുവൈത്തിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും സഹോദരബന്ധവും ഊട്ടിയുറപ്പിക്കുന്ന ഒരു മാതൃകാപരമായ നീക്കമാണിതെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. യാതൊരു അഭ്യർത്ഥനയും ഇല്ലാതെ തന്നെ സ്വമേധയായാണ് സൗദി ഭരണകൂടം ഈ തീരുമാനമെടുത്തത്. യാത്ര സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ഖഫ്ജി അതിർത്തിയിൽ മാത്രം 44 പാതകളാണ് സൗദി പാസ്‌പോർട്ട് വിഭാഗം തുറന്നിരിക്കുന്നത്.