കുവൈറ്റ് സിറ്റി : ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ യു എ ഇ യെ അഞ്ച് വിക്കറ്റിന് തകർത്ത് അഫ്ഗാനിസ്ഥാൻ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ വിജയം ആഘോഷമാക്കി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരേപോലെ തിളങ്ങിയ അസ്മത്തുള്ള ഒമർസായി ആണ് അഫ്ഗാന്റെ വിജയശില്പി.
ഒമർസായിയുടെ ബൗളിംഗ് പ്രഹരം
ആദ്യം ബാറ്റിംഗിന് ഇറങ്ങിയ യുഎഇയെ തുടക്കത്തിലേ പിടിച്ചു കെട്ടാൻ അഫ്ഗാൻ ബൗളർമാർക്ക് സാധിച്ചു.
അസ്മത്തുള്ള ഒമർസായി 4 ഓവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ! ഒമർസായിയുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ യുഎഇ ബാറ്റർമാർ പതറിയെങ്കിലും സൊഹൈബ് ഖാന്റെ (48 പന്തിൽ 68) തകർപ്പൻ ബാറ്റിംഗും അലിഷാൻ ഷറഫുവിന്റെ (40) പ്രകടനവുമാണ് യുഎഇയെ 20 ഓവറിൽ 160/9 എന്ന മാന്യമായ സ്കോറിലെത്തിച്ചത്. എങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി അഫ്ഗാൻ കളി നിയന്ത്രിച്ചു.
അഫ്ഗാൻ ശാന്തമായി ലക്ഷ്യത്തിലേക്ക്
161 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ വളരെ പക്വതയോടെയാണ് ബാറ്റ് വീശിയത്. യുഎഇ ബൗളർമാർ വിക്കറ്റുകൾക്കായി ആഞ്ഞുശ്രമിച്ചെങ്കിലും അഫ്ഗാൻ ബാറ്റിംഗ് നിര ഉറച്ചുനിന്നു. ഇബ്രാഹിം സദ്രാൻ 53 റൺസുമായി ഇന്നിംഗ്‌സിന്റെ നട്ടെല്ലായി മാറി. ഒരു വശത്ത് വിക്കറ്റുകൾ വീണപ്പോഴും സദ്രാൻ ഉറച്ചുനിന്നു.
അസ്മത്തുള്ള ഒമർസായി പന്തിന് പിന്നാലെ ബാറ്റുകൊണ്ടും ഒമർസായി അവതരിച്ചു. പുറത്താകാതെ 40 റൺസ് നേടിയ താരം 19.2 ഓവറിൽ ടീമിനെ വിജയതീരത്തെത്തിച്ചു. യുഎഇക്ക് വേണ്ടി മുഹമ്മദ് അർഫാനും ജുനൈദ് സിദ്ദിഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും അഫ്ഗാന്റെ ബാറ്റിംങിന് മുന്നിൽ അത് മതിയാകുമായിരുന്നില്ല.ഈ ലോകകപ്പിൽ ആദ്യ രണ്ടു മത്സരവും പരാജയപ്പെട്ട അഫ്ഗാനിസ്ഥാൻ തങ്ങളുടെ ടൂർണമെന്റിലെ ആദ്യ ജയം ഉറപ്പാക്കി.

































