കൊച്ചി: ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കുടുംബം പൊലീസിൽ പരാതി നല്‍കി. എറണാകുളം ചോറ്റാനിക്കര സ്വദേശി ബിജു തോമസ് (54) ആണ് മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവ് കാരണമാണ് രോഗി മരിച്ചതെന്ന് ഡോക്ടർ സമ്മതിക്കുന്ന വീഡിയോ കുടുംബം പുറത്തുവിട്ടു. കുടുംബത്തിന്റെ പരാതിയിൽ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു.
നടുവേദനയെ തുടർന്ന് കീ ഹോൾ ശസ്ത്രക്രിയ ചെയ്യാൻ ശനിയാഴ്ച്ചയാണ് ചോറ്റാനിക്കര സ്വദേശി ബിജു തോമസ് ആലുവ രാജഗിരി ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം റൂമിലേക്ക് മാറ്റിയെങ്കിലും കടുത്ത വയറുവേദന അനുഭവപ്പെട്ടു. എന്നാൽ ഗ്യാസിനുള്ള മരുന്ന് നൽകി. എന്നിട്ടും വേദന കഠിനമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവമാണെന്ന് കണ്ടെത്തിയത്. കീഹോൾ ശസ്ത്രക്രിയയിലെ പിഴവ് മൂലമാണ് രോഗി മരിച്ചതെന്ന് കുടുംബം പരാതിയിൽ പറയുന്നു.
ആദ്യം നടത്തിയ ശസ്ത്രക്രിയയിലെ പിഴവ് കാരണമാണ് ബിജുവിന് രക്തസ്രാമുണ്ടായതെന്ന് ഡോക്ടർ മനോജ് സമ്മതിക്കുന്ന വീഡിയോ കുടുംബം പുറത്തുവിട്ടു. കുടുംബത്തിന്റെ പരാതിയിൽ എടത്തല പൊലീസ് രാജഗിരി ആശുപത്രിക്കിടെ കേസെടുത്തു. രോഗിയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്ന് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. കളമശേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
































