ലോക കേരള സഭ; ഷറഫുദ്ദീൻ കണ്ണേത്ത് രാജിവെച്ചു:

മുൻ നോർക്ക ഡയറക്ടറും കുവൈത്ത് കെ.എം.സി.സി.സംസ്ഥാന പ്രസിഡന്റുമായ ഷറഫുദ്ദീൻ കണ്ണേത്ത് ലോക കേരള സഭ അംഗത്വം രാജി വെച്ചു. മുസ്ലിം ലീഗ് പ്രതിനിധിയായി ലോക കേരള സഭയിലംഗമായ ഷറഫുദ്ദീൻ കണ്ണേത്ത് തന്റെ രാജി സന്നദ്ധത നേരെത്തെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും ചർച്ച ചെയ്തിരുന്നതായും, മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശമനുസരിച്ച് രാജിക്കത്ത്  മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നോർക്ക സി.ഇ.ഒ.ക്കും അയച്ചതായും അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രൂപീകരിച്ച ലോക കേരള സഭ എന്ന കൂട്ടായ്മ നിലനിൽക്കെ, പ്രവാസികളായ ചെറുകിട വ്യവസായികൾ നേരിടുന്ന  ദുരനുഭവങ്ങൾ തുടർക്കഥയാകുകയും ചെയ്യുന്ന പശ്ചാതലത്തിൽ ഈ ഒരു സഭയിൽ തുടരുന്നത് താൻ പ്രതിനിധാനം ചെയ്യുന്ന പ്രവാസി സമൂഹത്തോട് ചെയ്യുന്ന നീതികേടാണ് എന്നതിനാലാണ്  രാജിയെന്നും ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു. അതോടൊപ്പം പ്രളയാനന്തരം വിദേശ രാജ്യങ്ങളിൽ നിന്നും ലോക കേരള സഭയെ മുൻ നിർത്തി പിരിച്ചെടുത്ത കോടിക്കണക്കിനു രൂപയുടെ ഫണ്ടിൽ നിന്നുള്ള സഹായ വിതരണം നടത്തുന്നതിലുള്ള കാലതാമസം, അവധിക്കാലങ്ങളിൽ ഈടാക്കുന്ന അമിത വിമാന യാത്രക്കൂലി തുടങ്ങിയ പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളിൽ ക്രിയാത്മകമായ നടപടികളെടുക്കാനോ, പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക ഏകജാലക സംവിധാനങ്ങളുൾപ്പെടെയുള്ള അതോറിറ്റി സ്ഥാപിക്കുക എന്നു തുടങ്ങി അംഗങ്ങളുടെ വിവിധ നിർദ്ദേശങ്ങളിൽ തീരുമാനമെടുക്കാനോ ലോക കേരള സഭയ്ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം കണ്ണൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്കുത്തരവാദികളായവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ യിൽ നിന്നും സമാനമായ പീഡനം നേരിടുന്ന കൈരളി ടി.വി.യുടെ കുവൈത്തിലെ പ്രതിനിധിയായിരുന്ന റെജി ഭാസ്കറിനു തന്റെ വ്യവസായ സംരഭവുമായി മുന്നോട്ട് പോകുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടിലുള്ള വിവിധ രാജ്യങ്ങളീലെ കെ.എം.സി.സി.നേതാക്കളേയും പ്രവർത്തകരേയും സമാനമനസ്കരായ സംഘടനകളേയും പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.