ദുബായിൽ സർക്കാർ മേഖലയിൽ പത്ത് ശതമാനം വരെ ശമ്പള വര്‍ധനവ്: ഉത്തരവ് പ്രാബല്യത്തിൽ

ദുബായ്: രാജ്യത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളവർധനവിനുള്ള നിർദേശത്തിന് അംഗീകാരം നൽകി കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായാണ് പുതിയ ശമ്പളഘടനയ്ക്ക് രൂപം നല്‍കിയതെന്നാണ് ഷെയ്ഖ് ഹംദാന്‍ അറിയിച്ചിരിക്കുന്നത്‌

2020 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിൽ വന്ന നയം പ്രകാരം സർക്കാർ ജീവനാക്കാർക്ക് പത്ത് ശതമാനം വരെ ശരാശരി ശമ്പളവര്‍ധനവുണ്ടാകും. പ്രൊഫഷണൽ ജീവനക്കാര്‍ക്ക് ഒന്‍പത് മുതല്‍ 16 ശതമാനം വരെയും. ഇതിന് പുറമെ ജോലി സമയത്തിൽ ഇളവ്, ടെലിവർക്ക്, പാർട്ട് ടൈം ജോലിക്കുള്ള സൗകര്യം എന്നിവയും പുതിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായി മാനവവിഭവശേഷി സമഗ്രമായി ഉപയോഗപ്പെടുത്തുന്നതില്‍ ദുബായിയെ ഒരു മാതൃകയാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്.വിവിധ മേഖലകളിൽ മികച്ച പദ്ധതികൾ ആവിഷ്കരിക്കാൻ യുഎഇയ്ക്ക് കഴിയുന്നത് മനുഷ്യവിഭവശേഷിയിലുള്ള വിശ്വാസം കൊണ്ടാണ്. സര്‍ക്കാറിന്റെ മാനവവിഭവശേഷി വികസിപ്പിക്കാനും ജീവനക്കാരുടെ സന്തോഷത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന നല്‍കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് ഷെയ്ഖ് ഹംദാൻ അറിയിച്ചിരിക്കുന്നത്.