CAA വിരുദ്ധ പ്രതിഷേധം: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം

Azad

ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം. ഡൽഹി തീസ് ഹസാരി കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അടുത്ത നാലാഴ്ചത്തേക്ക് ഡൽഹിയിൽ ഉണ്ടാകാന്‍ പാടില്ല, ഈ ആഴ്ചകളിൽ എല്ലാ ദിവസവും സഹൻപുർ കോടതിയിലെത്തി ഒപ്പു വയ്ക്കണം. ഇതിനു ശേഷം കുറ്റപത്രം സമർപ്പിക്കുന്നത് വരെ എല്ലാ മാസത്തിലെയും അവസാന ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തണം. ഡൽഹിയിൽ സമരങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ ഒരു മാസത്തേക്ക് വിട്ടു നിൽക്കണം.. ചികിത്സയ്ക്കായി ഡൽഹിയിലെത്തേണ്ട ആവശ്യമുണ്ടെങ്കിൽ പൊലീസിനെ അറിയിക്കണം തുടങ്ങിയ ഉപാധികളുമായാണ് അഡീഷണൽ സെഷൻസ് ജ‍ഡ്ജി കാമിനി ലോ ആസാദിന് ജാമ്യം അനുവദിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഡൽഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു ആസാദിനെ അറസ്റ്റ് ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്തു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഡിസംബര്‍ 21 നാണ് ആസാദ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഒപ്പം അറസ്റ്റ് ചെയ്ത 15 പേർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ആസാദിന് ലഭിച്ചിരുന്നില്ല. ആസാദിനെ മോചിപ്പിക്കാത്തതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം ആസാദിൻ‌റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ രൂക്ഷവിമർശനങ്ങൾ കോടതി ഉന്നയിച്ചിരുന്നു. ജുമാ മസ്ജിദ് പാകിസ്താനില്‍ അല്ല എന്ന് പറഞ്ഞ കോടതി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നാണ് ചൂണ്ടിക്കാട്ടിയത്. പ്രതിഷേധങ്ങൾക്ക് അനുമതി നൽകുമ്പോൾ ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കേണ്ടതാണെന്നും എന്നാൽ ചില സന്ദർഭങ്ങളിൽ പൊലീസ് വിവേചനം കാട്ടാറുണ്ടെന്നും ഇതാണ് പ്രശ്നമെന്നും കോടതി വിമർശിച്ചിരുന്നു.