അനധികൃതമായി പരസ്യം പതിച്ചവർക്കെതിരെ പിഴ ചുമത്തും

കുവൈത്ത് സിറ്റി : അൽ-മുബരകിയ മാർക്കറ്റിലെ ചുമരുകളിലും പരിസരത്തും ലൈസൻസില്ലാതെ പരസ്യങ്ങളും സ്റ്റിക്കറുകളും പതിച്ചവർക്കെതിരെ പിഴ ചുമത്തും. 100 മുതൽ 1,000 ദിനാർ വരെയാണ് പിഴ ചുമത്തുക. മാർക്കറ്റിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന നവീകരണ, സൗന്ദര്യവൽക്കരണ പ്രവർത്തികൾ വിലയിരുത്തുന്നതിനായി എത്തിയ അൽ-മുബരകിയ വികസന സമിതി തലവൻ ഷെയ്ഖ അംതാൽ അൽ അഹ്മദ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് നൽകിയത്. നിയമലംഘകരുമായി ബന്ധപ്പെടുന്നതിനും ആവശ്യമായ നിയമ നടപടി സ്വീകരിക്കുന്നതിനുമായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ 15 ഇൻസ്പെക്ടർമാരെ നിയോഗിച്ചു.
നിരകളിലും ചുവരുകളിലും ഘടിപ്പിച്ചിട്ടുള്ള പരസ്യ സ്റ്റിക്കറുകൾ, പ്രദേശത്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയ ഷെയ്ഖ അംതാലിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അനധികൃതമായി ഒട്ടിച്ച ഇത്തരം പരസ്യങ്ങളുടെ എണ്ണം എടുക്കുകയും ഇതിലെ പരസ്യദാതാക്കളുടെ ഫോൺ നമ്പറുകൾ ഉദ്യോഗസ്ഥർ കുറിച്ച് എടുക്കുകയും ചെയ്തു. നിയമലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ ഇത്തരം നിയമലംഘകരെ പിടികൂടുന്നതിനും, പൊതുസ്വത്ത് നശിപ്പിക്കുകയും ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമായി രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള കുവൈത്ത് യുവാക്കളെ ഉൾപ്പെടുത്തി പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ഷെയ്ഖ അംതാൽ അറിയിച്ചതായി അൽ റായ് റിപ്പോർട്ട് ചെയ്തു. .