വ്യക്തിഹത്യ നടത്തി; ആര്യൻ ഖാന്റെ വെബ് സീരിസിന്റെ സംപ്രേഷണം നിർത്തണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സമീർ വാങ്കഡെ

0
30

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ്‌ സീരിസിനെതിരെ മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ. ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ സമീര്‍ വാങ്കഡെ ഡല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കി. വെബ് സീരിസിലൂടെ വ്യക്തിഹത്യ നടത്തിയെന്നാണ് സമീര്‍ വാങ്കഡെയുടെ ആരോപണം. രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും സീരീസ് സംപ്രേഷണം നിര്‍ത്തിവെയ്ക്കണമെന്നും പരാതിയില്‍ പറയുന്നു.

ആര്യന്‍ ഖാന് പുറമേ നെറ്റ്ഫ്‌ളിക്‌സ്, എക്‌സ് കോര്‍പ്പ്, ഗൂഗിള്‍ എല്‍എല്‍സി, മെറ്റ, ആര്‍പിജി ലൈഫ് സ്റ്റൈല്‍ മീഡിയ, ജോണ്‍ ഡൂസ് എന്നിവര്‍ക്കെതിരെയാണ് സമീര്‍ വാങ്കഡെയുടെ പരതി. ബാഡ്‌സ് ഓഫ് ബോളിവുഡ് വെബ് സീരിസ് മയക്കുമരുന്ന് വിരുദ്ധ, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ മോശമായ രീതിയില്‍ ചിത്രീകരിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ നിയമ വിര്‍വഹണ സ്ഥാപനങ്ങളിന്മേലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനാണ് ശ്രമമെന്നും പരാതിയില്‍ പറയുന്നു.

സീരിസില്‍ ഒരു കഥാപാത്രം സത്യമേവ ജയതേ എന്ന് പറഞ്ഞതിന് ശേഷം നടുവിരല്‍ ഉയര്‍ത്തി അശ്ലീല ആംഗ്യം കാണിക്കുന്നുണ്ടെന്നും. സത്യമേവ ജയതേ ദേശീയ ചിഹ്നമാണെന്നും സമീർ വാങ്കഡെ പറയുന്നു. 1971 ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയുന്ന നിയമത്തിലെ വ്യവസ്ഥകളുടെ ഗുരുതര ലംഘനമാണ് നടന്നിരിക്കുന്നതെന്നും സമീര്‍ വാങ്കഡെ കുറ്റപ്പെടുത്തുന്നു. 2021-ല്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) മുംബൈ സോണല്‍ ഡയറക്ടറായിരിക്കെ ആര്യന്‍ ഖാനെ അറസ്റ്റു ചെയ്ത് ശ്രദ്ധനേടിയ ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ.