സഞ്ജു എന്ന വിശ്വരൂപം; ഇന്ത്യ ലോകത്തിന്റെ നെറുകയിൽ! കിവികളെ തകർത്തെറിഞ്ഞ് നീലപ്പടയ്ക്ക് ചരിത്രവിജയം

കടപ്പാട് :ഇക്ബാൽ മുറ്റിച്ചൂർ

0
6

കഴിഞ്ഞ ആഴ്ച ബെഞ്ചിൽ… ഈയാഴ്ച ലോകത്തിന്റെ നെഞ്ചിൽ.. – ഇത് വെറുമൊരു തലക്കെട്ടല്ല, സഞ്ജു സാംസൺ എന്ന പോരാളി ക്രിക്കറ്റ് ചരിത്രത്തിൽ സ്വന്തം രക്തം കൊണ്ട് എഴുതിച്ചേർത്ത വിധിവാക്യമാണ്. ലക്ഷക്കണക്കിന് ആരാധകർ സാക്ഷിയായ ആ രാത്രിയിൽ ഇന്ത്യ ചരിത്രം കുറിച്ചിരിക്കുന്നു. ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായും, സ്വന്തം മണ്ണിൽ ലോകകിരീടം ഉയർത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറി.

ന്യൂസിലൻഡിനെ റണ്ണുകളിൽ മുക്കി ശ്വാസം മുട്ടിച്ച ഇന്ത്യൻ പടയുടെ ഈ വിജയത്തിന് ഒരു മലയാളി തിളക്കമുണ്ട്—അത് നമ്മുടെ സ്വന്തം സഞ്ജു സാംസന്റേതാണ്.

  • സാംസൺ ഗർജ്ജനവും 300 ലക്ഷ്യമിട്ട തുടക്കവും

ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സഞ്ജു സാംസൺന്റെ മികച്ച ബാറ്റിംഗ് കരുത്താണ് പുറത്തെടുത്തത്. ആദ്യ രണ്ട് ഓവറുകൾക്ക് ശേഷം ഗിയർ മാറ്റിയ ഇന്ത്യ പവർപ്ലേ അവസാനിക്കുമ്പോൾ 92/0 എന്ന റെക്കോർഡ് സ്കോറിലെത്തി. അഭിഷേക് ശർമ്മ (18 പന്തിൽ 50), ഇഷാൻ കിഷൻ (23 പന്തിൽ 50) എന്നിവർ കത്തിക്കയറിയപ്പോൾ, സഞ്ജു സാംസൺ തന്റെ ക്ലാസ് ബാറ്റിംഗിലൂടെ (46 പന്തിൽ 89) മുന്നിൽ നിന്ന് നയിച്ചു. തുടർച്ചയായ മൂന്ന് സിക്സറുകൾ പറത്തി സഞ്ജു കളം നിറഞ്ഞാടിയപ്പോൾ ഒരു ഘട്ടത്തിൽ ഇന്ത്യ 300 റൺസ് കടക്കുമെന്ന് പോലും ആരാധകർ സ്വപ്നം കണ്ടു.

  • ആ അപ്രതീക്ഷിത 15-ാം ഓവർ

എന്നാൽ 14 ഓവറിൽ 191/1 എന്ന അതിശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് ആ ചെറിയ ബ്രേക്ക് വന്നത്. അതോടെ ഇന്ത്യയുടെ താളം അല്പം തെറ്റി. ജെയിംസ് നിഷാമിന്റെ ആ ഓവറിൽ സഞ്ജു ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ വീണതോടെ സ്കോറിംഗ് വേഗത കുറഞ്ഞു. എങ്കിലും സഞ്ജു പടുത്തുയർത്തിയ ആ അടിത്തറ ഇന്ത്യയെ സുരക്ഷിതമാക്കിയിരുന്നു.

  • ശിവം ദുബെയുടെ ‘കലാശക്കൊട്ട് ‘

അവസാന ഓവറിൽ വിസ്മയിപ്പിച്ചത് ശിവം ദുബെയായിരുന്നു. 2 പന്തിൽ 2 റൺസ് എന്ന നിലയിൽ നിൽക്കുകയായിരുന്ന ദുബെ, അവസാന ഓവറിൽ ജെയിംസ് നിഷാമിനെ പഞ്ഞിക്കിട്ട് 24 റൺസാണ് അടിച്ചെടുത്തത്. ഇതോടെ ഇന്ത്യ 255 എന്ന പടുകൂറ്റൻ സ്കോറിലെത്തി.

  • ഇഷാൻ കിഷന്റെ ‘മാന്ത്രിക’ ക്യാച്ച്

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനെ ഭാഗ്യം പോലും തുണച്ചില്ല. ഇഷാൻ കിഷൻ എടുത്ത ആ ക്യാച്ച് കാലങ്ങളോളം ചർച്ച ചെയ്യപ്പെടും. പന്ത് പിടിക്കുന്നതിനിടയിൽ സ്വന്തം തൊപ്പി കണ്ണിലേക്ക് വീണിട്ടും, കയ്യിൽ നിന്ന് വഴുതിയ പന്ത് താടിക്കും കൈക്കും ഇടയിൽ കുടുക്കി രച്ചിൻ രവീന്ദ്രയെ പുറത്താക്കിയ കാഴ്ച അവിശ്വസനീയമായിരുന്നു.

  • ബൗളിംഗിലെ ‘സൂപ്പർ ഹീറോ’ ബുമ്ര

ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലനെ തുടക്കത്തിലേ പുറത്താക്കിയ ഇന്ത്യക്ക് വേണ്ടി പിന്നീട് ബൂം ബൂം ബുമ്ര നിറഞ്ഞാടി. മനോഹരമായ മൂന്ന് സ്ലോ യോർക്കറുകളിലൂടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ബുമ്ര ഫൈനലിലെ ‘മാൻ ഓഫ് ദി മാച്ച്’ ആയി. അക്സർ പട്ടേലും ബൗളിംഗിൽ മികച്ച പിന്തുണ നൽകി. കിവികൾ 96 റൺസ് അകലെ പോരാട്ടം അവസാനിപ്പിച്ചു.

  • വിധി തിരുത്തിയെഴുതിയ പോരാളി: സഞ്ജു സാംസൺ

ന്യൂസിലൻഡ് പരമ്പരയിൽ സഞ്ജു ഫോം ഔട്ട് ആയപ്പോൾ “ഇവന്റെ കാലം കഴിഞ്ഞു” എന്ന് പരിഹസിച്ചവർ ഇന്ന് എവിടെപ്പോയി മറഞ്ഞു? അവഗണനകളുടെയും കയ്പുനീരിന്റെയും ഭൂതകാലത്തെ അടിച്ചുപറത്തിക്കൊണ്ട്, ലോകകപ്പിലെ ടോപ്പ് സ്കോററായും ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആയും സഞ്ജു സാംസൺ ഉദിച്ചുയർന്നു. മലയാളികളുടെ അഭിമാനമായി, ഇന്ത്യയുടെ വജ്രായുധമായി സഞ്ജു ആ ലോകകിരീടത്തിൽ മുത്തമിട്ടു!
ഇത് ടീം ഇന്ത്യയുടെ വിജയം… ഇത് സഞ്ജു സാംസൺ എന്ന പോരാളിയുടെ വിജയം!