കെയ്റോ: ഈജിപ്തിലെ എൽ ഹുസൈനിയ സെൻട്രൽ ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിൽ ഓക്സിജൻ ലഭിക്കാത്തത് മൂലം നിരവധി രോഗികൾ ശ്വാസം മുട്ടി മരിച്ചതായി ആരോപണം. ആശുപത്രിയിൽ മരിച്ച ഒരു രോഗിയുടെ ബന്ധുവായ അഹമ്മദ് മംദു എന്നയാൾ
ചിത്രീകരിച്ച വീഡിയോയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കഴിഞ്ഞ ശനിയാഴ്ച രാത്രി പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഐസിയുവിൽ 7 രോഗികൾ ഉള്ളതായി കാണാം.
ഏഴ് രോഗികൾക്കും നഴ്‌സുമാർ കൈകൊണ്ട് ആംബു ബാഗിലൂടെ ഓക്സിജൻ പമ്പ് ചെയ്ത് സഹായിക്കാൻ ശ്രമിക്കുന്നതായി കാണാം. അതേ സമയം വീഡിയോയിൽ “ഐസിയുവിലുള്ള എല്ലാവരും മരിച്ചു… ഓക്സിജൻ ഇല്ല” എന്ന് പറയുന്ന ഒരു ശബ്ദം കേൾക്കാം.
ഓക്സിജന്റെ അഭാവം സംബന്ധിച്ച ആരോപണങ്ങൾ ഈജിപ്ത്ആരോഗ്യമന്ത്രി നിഷേധിച്ചു എങ്കിലും, വീഡിയോയിൽ നിന്നുള്ള നഴ്‌സുമാരിൽ ഒരാൾ രോഗി മരിച്ചതിൻ്റെ ഷോക്കിൽ തറയിൽ ഇരിക്കുന്നതിന്റെ ചിത്രം നിരവധിപേർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.