മുംബൈ:പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കെടുത്ത ആറ് പേരെയും ഇതുവരെ പിടികൂടാത്തതിനെതിരെ ശിവസേന (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് ബിജെപിയെ രൂക്ഷമായി വിമർശിച്ചു. ഈ ഭീകരർ ബിജെപിയിൽ ചേർന്നിട്ടുണ്ടാകുമെന്നതാണ് അവരെ പിടികൂടാതിരിക്കാനുള്ള കാരണം എന്ന് അദ്ദേഹം പരിഹാസത്തോടെയുള്ള പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. “ഒരു ദിവസം ആ ആറുപേർ പാർട്ടിയിൽ ചേർന്നതായി ബിജെപി ഓഫീസിൽ നിന്ന് ഒരു പത്രക്കുറിപ്പ് ലഭിക്കുമെന്നും സഞ്ജയ് റാവത്ത് പരിഹസിച്ചു
‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ചും അദ്ദേഹം വിമർശനമുയർത്തി. “ഓപ്പറേഷൻ സിന്ദൂർ നമ്മുടെ സൈനികരാണ് ചെയ്തത്, പക്ഷേ അതിന്റെ ക്രെഡിറ്റ് എടുക്കാൻ മത്സരമുണ്ട്. നമ്മുടെ പ്രധാനമന്ത്രി അതിൽ മുൻപന്തിയിലാണ്” എന്ന് റാവത്ത് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പ്രത്യേക സമ്മേളനം ചേർക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട് ഒരു കത്ത് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രസ്താവനയെ തികച്ചും പരിഹാസ്യവും സേനയെ അപമാനിക്കുന്നതുമായി ബിജെപി നേതാവ് രാം കദം വിമർശിച്ചു. ഒരു വാർത്താചാനലിലെ ചർച്ചയിൽ, ഇത് തികച്ചും പരിഹാസ്യമായ പ്രസ്താവനയാണെന്നും സായുധ സേനയെ അപമാനിക്കുന്നതാണെന്നുമായിരുന്നു ഒരു വാർത്താ ചാനലിൽ സഞ്ജയ് റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ബിജെപി നേതാവ് രാം കദം പറഞ്ഞത്.