ആഷിഖ ഖാനം:
പെണ്ണായി പിറന്നിട്ട് ചങ്ങലകളെ പൊട്ടിച്ചുകളഞ്ഞ, പെണ്ണിടങ്ങളെ പരസ്പരം ബഹുമാനിക്കാനറിയുന്ന, പെണ്ണുയർച്ചകൾ സ്വപ്നം കാണുന്ന ഓരോ പെൺമനസിനോടും അങ്ങേയറ്റത്തെ ആദരവാണ്.
അത്രയെളുപ്പമൊന്നുമല്ലെടോ അത്..
കുറെയേറെ പ്രതിസന്ധികളെ മറികടക്കേണ്ട, കുറെയധികം വിമർശനങ്ങളുടെ കൂമ്പാരങ്ങൾ വാങ്ങി കൂട്ടേണ്ട, കുറെയധികം ചോദ്യങ്ങളെ അവഗണിക്കേണ്ട, ഒരു യാത്രയാണ്!!
പെണ്ണുങ്ങൾക്ക് മാത്രം മനസിലാകുന്ന പെൺവേദനകളുണ്ട്. അനുഭവിക്കുന്നവർക്കല്ലേ അതേ ആഴത്തിലത് മനസിലാവൂ. കഴിഞ്ഞ ദിവസം എക്സാം ഹാളിൽ നിന്ന് വയറിനുള്ളിൽ കൊളുത്തി പിടിക്കുന്ന വേദനകൊണ്ട് പുളയുന്ന മുഖം കണ്ടിട്ട് അരികെ വന്ന് വെള്ളം വേണോ എന്ന് ചോദിച്ച അധ്യാപികയുമായിട്ട് എനിക്ക് യാതൊരു മുൻപരിചയവുമില്ലായിരുന്നു. അവിടെ ഞങ്ങളെ കണക്ട് ചെയ്ത ഫാക്ടർ സ്ത്രീ എന്ന സ്വത്വമാണ്.
ഒരുപാട് ആൺസുഹൃത്തുക്കൾ ഇന്നത്തെ കാലത്ത് പീരിയഡ്സ് പോലുള്ള വിഷയങ്ങളുമായിട്ട് വളരെ പോസിറ്റിവായിട്ട് ഇടപെടുന്നതും വലിയ സന്തോഷം തന്നെയാണ്. ഇതൊക്കെ വളരെ നോർമലായ കാര്യങ്ങളാണ് എന്നുള്ള ചിന്ത പുതിയ തലമുറയ്ക്ക് ഒരു പരിധി വരെ ഉണ്ട് എന്നാണ് മനസിലാക്കുന്നത്.!
അഥവാ, ആ ചിന്ത നമ്മൾ ഉണ്ടാക്കേണ്ടതാണ് എന്ന ബോധ്യം നമുക്കുള്ളിൽ വേണം.
നമ്മളിതൊക്കെ സംസാരിച്ചുകൊണ്ട് തന്നെ തുടങ്ങണം. ശരീരത്തെ കുറിച്ചിട്ടുള്ള കൃത്യമായ അറിവ് ചെറിയ പ്രായത്തിൽ തന്നെ നമ്മുടെ കുട്ടികളിൽ ഉണ്ടാവേണ്ടതുണ്ട്. ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് മനസിലാക്കി കൊടുക്കണം.
പീരിയഡ്സെന്നത് വളരെ നോർമലായ ഒരു പ്രക്രിയ മാത്രമാണെന്ന്, അതൊരിക്കലും നിന്റെ സ്വപ്നങ്ങളുടെ പരിധിയാകരുതെന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കണം!!
അതിരുകളുടെ ഒരു ലോകമാണ് പെണ്ണിന്റേത്.
ഇതെഴുതാനിരിക്കുമ്പോൾ ഞാൻ വെറുതെ ആ പഴയ ഡയറിയൊന്നെടുത്ത് മറിച്ചു നോക്കി. ഒരു ഏഴാം ക്ലാസുകാരിയുടെ സ്വപ്നങ്ങൾ മൊത്തം അതിലുണ്ട്.
ആധികളും വ്യാകുലതകളുമുണ്ട്. ഇത്രദൂരം അവൾക്ക് നടക്കാൻ കഴിയുമെന്ന് അവളൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല!!
ചുട്ടുപൊള്ളുന്ന കനലിനെ മറികടന്ന്,
കഠിനമായ ചങ്ങലകളെ പൊട്ടിച്ചാണ് ഇവിടം വരെ വന്നത് എന്നത് കൊണ്ടായിരിക്കാം ഒരു വഴി അടയുമ്പോൾ മറ്റൊന്ന് തുറക്കും എന്ന ഉറച്ച വിശ്വാസമുള്ളത്!
‘നീയൊരു പെണ്ണല്ലേ’ എന്നുള്ള ഒരൊറ്റ വാക്കിൽ മുറിഞ്ഞു പോകുന്ന എത്രയെത്രയോ പെൺസ്വപ്നങ്ങളുണ്ടെന്നോ.!
ഒരു യാത്ര പോകാൻ,
പഠിക്കാനുള്ള കോഴ്സ് സെലക്ട് ചെയ്യാൻ,
വിവാഹത്തിന് പങ്കാളിയെ തീരുമാനിക്കാൻ,
ഇതിനൊക്കെ ഒരു പതിനായിരം മനുഷ്യരുടെ സമ്മതം വാങ്ങേണ്ട ‘ഗതികേട്’ ഒന്നാലോചിച്ചു നോക്കൂ….
ഇനി സ്വന്തം ഇഷ്ടപ്രകാരം ഇതൊക്കെ ചെയ്യുന്ന ഒരു പെണ്ണാണെങ്കിൽ അവള് അഹങ്കാരിയായി. തന്റേടിയായി. ‘ഇതൊക്കെ ഒരു വ്യക്തിയുടെ പേഴ്സനൽ കാര്യങ്ങളാണ്, അതിൽ അഭിപ്രായം പറയാൻ മറ്റാർക്കും അവകാശമില്ല,’ എന്ന ബോധം നമ്മുടെ സമൂഹത്തിന് ഇന്നും വന്നിട്ടില്ല. മറ്റുള്ളവരുടെ പ്രൈവസിയിലേക്ക് ഇടിച്ചുകയറുന്ന അസുഖം കുറച്ച് കൂടുതലുള്ള മനുഷ്യരാണ് നമ്മൾ.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിന്ന് ശക്തമായ പെൺസ്വപ്നങ്ങൾ ഉയർന്നു വരിക അങ്ങേയറ്റം കഠിനമായ ഒരു പ്രോസസ് ആണ്..
ഇതേസമയം നിഷ്കളങ്കമായ സ്നേഹം ഉള്ളിലുള്ളത് കൊണ്ട് മാത്രം ഇടപെടുന്ന മനുഷ്യരുമുണ്ട്. അവരെ നമുക്കൊരിക്കലും തള്ളിപ്പറയാൻ കഴിയില്ല. രാത്രി വൈകി വളാഞ്ചേരിയിൽ വന്ന് ഇറങ്ങുമ്പോഴൊക്കെ എന്നോട് അതിന്റെ ആധി പറയുന്നൊരു സെക്യൂരിറ്റി ചേട്ടനുണ്ട്. എനിക്കൊരു തരത്തിലും അത് കേൾക്കുമ്പോൾ സന്തോഷമല്ലാത്ത ഒന്നും തോന്നാറില്ല. കാരണം അത് നിഷ്കളങ്കമാണ്. ഉള്ളിലുള്ള സ്നേഹവും കരുതലും തന്നെയാണ് ആ വാക്കുകളുടെ കാരണം. ടൗണിൽ ആരെയെങ്കിലും വെയിറ്റ് ചെയ്യാനും മറ്റുമൊക്കെ ഞാനാ ചേട്ടനടുത്താണ് നിൽക്കുക. അവിടെയങ്ങനെ ആ മനുഷ്യനോട് സംസാരിച്ച് നിൽക്കുന്നത് ഒരു രസാണ്…
എന്നാൽ, വരുന്ന സമയവും പോകുന്ന സമയവും ഒളിഞ്ഞുനോക്കി സ്വഭാവ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ നിൽക്കുന്നവർക്കുള്ളിലുള്ളത് ഈ നിഷ്കളങ്കതയല്ല. നല്ല ഒന്നാന്തരം കുശുമ്പാണ്.
ഈ യാത്രകളുടെയും മെസേജുകളുടെയുമൊക്കെ സമയം നോക്കി സ്വഭാവസർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നവരില് സാധാരണക്കാര് മാത്രമൊന്നുമല്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ!
രാത്രി കാണുന്ന മെസേജിന് അർത്ഥം വേറെ കാണുന്നവര് നമുക്ക് ചുറ്റുമുണ്ടെന്ന് അറിയാലോ!
ഒരു പെൺകുട്ടിക്ക് പതിനെട്ട് വയസായാൽ തുടങ്ങും നാട്ടുകാരുടെയും കുടുംബക്കാരുടെയും ആവലാതി.
കെട്ടിക്കുന്നില്ലേ, ഉറപ്പിച്ചിടുന്നില്ലേ തുടങ്ങിയുള്ള ചോദ്യങ്ങൾ. മറ്റുള്ളവരുടെ മക്കളുടെ കല്യാണം കഴിഞ്ഞിട്ട് ഈ നാട്ടുകാർക്കതിൽ നിന്നെന്താണ് ലാഭം കിട്ടുന്നതെന്ന് എനിക്കിതുവരെയായിട്ട് മനസിലായിട്ടില്ല!
പ്രൊട്ടക്ഷന്റെ മൊത്തവിതരണക്കാരായ ചില കോളേജ് ലേഡീസ് ഹോസ്റ്റലുകളുടെ കാര്യം പിന്നെ പറയേ വേണ്ട. കൂട്ടിലിട്ട കോഴിക്കുഞ്ഞുങ്ങളായാണ് പലയിടത്തും പെൺകുട്ടികളെ പരിഗണിക്കുന്നത്. കുറച്ച് സ്വത്വബോധമുള്ള മനുഷ്യർക്ക് ആത്മാഭിമാനത്തിന് മുറിവേൽക്കാൻ അതിനേക്കാൾ അനുയോജ്യമായ മറ്റൊരു ഇടവുമില്ലെന്ന് അനുഭവം സാക്ഷി….
ഇങ്ങനെ കൊറേ കൊറേ പിറകോട്ട് വലിക്കുന്ന സിസ്റ്റങ്ങളെ മറികടന്നാണ് ഓരോ പെണ്ണുയർച്ചകളും വരുന്നത്. ഇതൊക്കെ കണ്ടും കേട്ടും തന്നെ നമ്മൾ പോവേണ്ടതുണ്ട്, ഉള്ളിലെ തീ കെടാതെ സൂക്ഷിക്കേണ്ടതുണ്ട്!
ഏഴാം ക്ലാസുകാരിയുടെ ആ ഡയറിയിൽ നിന്നിങ്ങോട്ടുള്ള യാത്ര അത്ര എളുപ്പമൊന്നുമായിരുന്നില്ല!
ഫേസ്ബുക്കിൽ സ്വന്തം ഫോട്ടോ പ്രൊഫൈൽ പിക്ചർ വെച്ചതിന് കേട്ട കുത്തുവാക്കുകളിൽ ഒരു രാത്രി മുഴുവൻ കരഞ്ഞ ഒരു പെൺകുട്ടിയിൽ നിന്ന് ഇത്രത്തോളമെത്തിയത് അങ്ങേയറ്റത്തെ പൊരുതലിനൊടുവിൽ തന്നെയാണ്..
എന്റെ പഠനവും ജീവിതവും യാത്രകളും പ്രണയവുമൊക്കെ എന്റെ വളരെ പേഴ്സനലായ കാര്യങ്ങളാണ് എന്ന ബോധ്യത്തിലേക്ക് എത്തിയതിൽ പിന്നെ ജീവിതത്തിന് മറ്റൊരു താളമുണ്ടായി. ആരെന്ത് പറഞ്ഞാലും ബാധിക്കാത്ത തരം ഒരു തൊലിക്കട്ടി!
വളരെ കുറഞ്ഞ മനുഷ്യരുടെ വാക്കുകൾ മാത്രമേ ഇന്ന് ഞാൻ ഉള്ളിലേക്കെടുക്കാറൊള്ളു, അവർക്ക് മാത്രമേ എന്നെ തിരുത്താനും എന്റെ തീരുമാനങ്ങൾ മാറ്റാനും കഴിയൂ! സ്നേഹം കൊണ്ട് ചേർത്ത് നിർത്തിയ മനുഷ്യരുടേത് മാത്രം. വേദനകളിൽ കൂടെ നിന്നവരുടേത് മാത്രം. അങ്ങനെയുള്ളവർക്കേ തിരുത്താനും അവകാശമൊള്ളൂ…
പറഞ്ഞുവന്നത്,
ജീവിതത്തെ കുറിച്ച് ഉറച്ചതീരുമാനങ്ങളുള്ള,
കൃത്യമായ സങ്കൽപ്പങ്ങളും സ്വപ്നങ്ങളുമുള്ള മനുഷ്യരാവുക! നമ്മള് വിചാരിച്ചാൽ പൊളിക്കാൻ കഴിയാത്ത ഒരു അതിരുമിവിടെയില്ലെന്നേ….