കുവൈറ്റ് സിറ്റി : കുവൈത്തിലെ ജഹ്റയിൽ തീപിടുത്തം. സംഭവത്തിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ജഹ്‌റ ഫയർ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആളപായം ഒന്നുമില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. കുവൈത്തിൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ നിരവധി ഇടങ്ങളിൽ തീപിടുത്ത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തീപിടുത്തമോ പുകയോ ഉണ്ടായാൽ തന്നെ ജാഗ്രത പാലിക്കാനും അടിയന്തര സേവനങ്ങൾക്ക് 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.































