വിരാട് കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

0
25

ഡൽഹി :അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി  വിരാട് കോഹ്‍ലി ഇൻസ്റ്റാഗ്രാമിലൂടെ പ്രഖ്യാപിച്ചു. ഇന്ത്യക്കായി 123 ടെസ്റ്റുകളിൽ കളിച്ച അദ്ദേഹം 46.85 ശരാശരിയിൽ 9,230 റൺസ് നേടിയിട്ടുണ്ട്. 30 സെഞ്ചുറികളും 31 അർദ്ധസെഞ്ചുറികളും വിരാട് കോഹ്‍ലി പേരിൽ രേഖപ്പെടുത്തിട്ടുണ്ട്. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരെ കിംഗ്സ്റ്റണിൽ നടന്ന മത്സരത്തിലാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലിയുടെ പ്രകടനത്തിൽ വലിയ തളർച്ച ഉണ്ടായിരുന്നു. 37 ടെസ്റ്റുകളിൽ മൂന്ന് സെഞ്ചുറികൾ ഉൾപ്പെടെ 1,990 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‍ലി സൃഷ്ടിച്ച ചില റെക്കോർഡുകൾ ആരാലും തകർക്കാൻ സാധ്യമല്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്മാരിൽ ഒരാളായിരുന്നു കോഹ്‍ലി. 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോഹ്ലി 40 മത്സരങ്ങളിൽ വിജയം നേടി.അദ്ദേഹത്തിന്റെ നായകത്വത്തിൽ ഇന്ത്യ വിദേശ മണ്ണിൽ നിരവധി ചരിത്രസവിശേഷതകൾ സൃഷ്ടിച്ചു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറികൾ നേടിയ താരം കോഹ്‍ലിയാണ്. സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ് എന്നിവർ ആറ് ഇരട്ട സെഞ്ചുറികൾ നേടിയിട്ടുണ്ട്. ഈ റെക്കോർഡ് കോഹ്‍ലി മറികടന്നത് ഒരു പ്രത്യേക നേട്ടമായി ചരിത്രം രേഖപ്പെടുത്തുന്നു.