വോട്ട് കൊള്ള ആരോപണം; ‘ശരിയായ സമയത്ത് പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ തിരുത്താൻ കഴിയുമായിരുന്നു’; തിരഞ്ഞെടുപ്പ് കമ്മിഷൻ

0
46

ഡൽഹി :വോട്ട് കൊള്ള ആരോപണത്തിൽ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർ പട്ടിക തയാറാക്കിയത് രാഷ്ട്രീയ പാർട്ടികൾ കൂടി ഉൾപ്പെട്ട സംവിധാനമാണ്. ശരിയായ സമയത്ത് പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ, ബന്ധപ്പെട്ട തെറ്റുകൾ തിരുത്താൻ കഴിയുമായിരുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം.

തെറ്റുകൾ ഉണ്ടെങ്കിൽ അവ തിരുത്താൻ വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉചിതമായ സമയവും അവസരവും നൽകുന്നുണ്ട്. ചില രാഷ്ട്രീയ പാർട്ടികളും അവരുടെ ബൂത്ത് ലെവൽ ഏജന്റുമാരും ഉചിതമായ സമയത്ത് വോട്ടർ പട്ടിക പരിശോധിച്ചില്ല. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉചിതമായ സമയത്ത് ഉന്നയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

പരോക്ഷമായി രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ ശരി വെക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രസ്താവന. രാഹുലിന്റെ വോട്ട് കൊള്ള ആരോപണത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിട്ടില്ല. അതേസമയം നാളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വാത്താസമ്മേളനം നടത്തുന്നത്.

വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേതൃത്വത്തിൽ നാളെ ബീഹാറിൽ നിന്ന് ‘വോട്ടർ അധികാർ യാത്ര’ തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ഈ മാസം ഏഴിനായിരുന്നു രാഹുൽഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിച്ചത്. നേരത്തെ രാഹുലിന്റെ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കാര്യമായ വിശദീകരണം നൽകിയിരുന്നില്ല.