കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷണം. അല്ലാഹുവിന് വേണ്ടി സ്ഥിരമായി സമര്‍പ്പിച്ച ഭൂമിയല്ല മുനമ്പത്തേത്. 1950ലെ ഭൂമി കൈമാറ്റ രേഖകള്‍ക്ക് അത്തരം ഉദ്ദേശ്യമില്ലെന്നും ഫാറൂഖ് കോളജ് മാനേജ്‌മെന്റിന് സമ്മാനമായാണ് ഭൂമി നൽകിയതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ 2019ലെ നീക്കം ഭൂമി തട്ടിയെടുക്കാനാണെന്നും കോടതി വിമർശിച്ചു. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച 2019ലെ നീക്കം ഏകപക്ഷീയമെന്നും 69 വർഷത്തിനുശേഷം ആണോ ബോർഡ് ഇത്തരമൊരു അവകാശം ഉന്നയിക്കുന്നത്? ഭൂമി തട്ടിയെടുക്കാനുള്ള നീക്കമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷണം.മുനമ്പത്തെ പ്രദേശവാസികളെ ബോർഡ് കേട്ടില്ലെന്നും വിമർശനമുണ്ടായി.
അതിനിടെ, മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷനെ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. നേരത്തെ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടതിരുന്നത്.
പൊതു താൽപര്യം മുൻനിർത്തിയാണ് കമ്മീഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയിൽ കമ്മീഷന്റെ അന്വേഷണം ആവശ്യമാണെന്നും സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.ജുഡീഷ്യൽ കമ്മീഷണർ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സർക്കാർ വാദിച്ചിരുന്നു. മുനമ്പത്തെ പ്രശ്നപരിഹാരങ്ങൾക്കു പോംവഴികൾ ഉണ്ടെന്നും ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.






























