വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; യുവാവ് അറസ്റ്റിൽ

0
5

കുവൈത്ത് സിറ്റി : ബുധനാഴ്ച നടന്ന ആക്രമണത്തിൽ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തടയുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ഒരാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിലവിലെ സുരക്ഷാ സാഹചര്യത്തിൽ അധികൃതർ പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിച്ചതിനാലാണ് നടപടി. മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, പ്രതി വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇതുമൂലം ഒരു ട്രാഫിക് അപകടവും സംഭവിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തിൽ പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സൈനിക, സുരക്ഷാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ദേശീയ സുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കും ഭീഷണിയാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമങ്ങളും ഔദ്യോഗിക നിർദേശങ്ങളും ലംഘിക്കുന്നവരോട് യാതൊരു വിധ ഇളവും കാണിക്കില്ലെന്നും ഇത്തരം ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം ആവർത്തിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരും വിദേശ താമസക്കാരും ഔദ്യോഗിക നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, സുരക്ഷാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനുമതിയില്ലാത്ത ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും, വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.