20 രൂപയ്ക്ക് 6 എണ്ണംവേണം; പാനിപൂരിയുടെ എണ്ണം കുറഞ്ഞതിന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യുവതി; ഗതാഗത തടസം

0
48

അഹമ്മദാബാദ്: പാനിപൂരിയുടെ എണ്ണം കുറഞ്ഞതിന് വഴിയോര കച്ചവടക്കാരനോട് വഴക്കിട്ട് റോഡില്‍ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞ് പ്രതിഷേധിച്ച് യുവതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. സുര്‍സാഗര്‍ തടാകത്തിന് സമീപമുളള റോഡിലാണ് യുവതി കുത്തിയിരുന്ന് പ്രതിഷേധിച്ചത്. യുവതിയുടെ പ്രതിഷേധം പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്കിന് കാരണമായി. തുടര്‍ന്ന് തടസം നീക്കാന്‍ പൊലീസിനും ഇടപെടേണ്ടിവന്നു. ഉദ്യോഗസ്ഥരെത്തി യുവതിയെ സമാധാനിപ്പിച്ച് റോഡില്‍ നിന്ന് മാറ്റുകയായിരുന്നു.

ഇരുപത് രൂപയ്ക്ക് സാധാരണയായി യുവതിക്ക് ആറ് പാനിപൂരികളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ വന്നപ്പോള്‍ അത് നാല് പാനിപൂരികളായി കുറഞ്ഞു. ഇതില്‍ പ്രകോപിതയായാണ് യുവതി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തനിക്ക് ലഭിക്കേണ്ട രണ്ട് പാനിപൂരികള്‍ കൂടി ലഭിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

ഗതാഗത തടസം നീക്കാന്‍ പൊലീസ് എത്തിയതോടെ യുവതി പൊട്ടിക്കരയാന്‍ തുടങ്ങി. കച്ചവടക്കാരോട് ന്യായമായ രീതിയില്‍ കച്ചവടം നടത്താന്‍ ആവശ്യപ്പെടണമെന്ന് യുവതി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇരുപത് രൂപയ്ക്ക് ആറ് പാനി പൂരികള്‍ നല്‍കണമെന്നും അതില്‍ കുറഞ്ഞതൊന്നും അംഗീകരിക്കാനാകില്ലെന്നുമായിരുന്നു യുവതിയുടെ നിലപാട്. എന്നാല്‍ യുവതിക്ക് അവര്‍ ആവശ്യപ്പെട്ട രണ്ട് പാനിപൂരികള്‍ കൂടി ലഭിച്ചോ എന്ന് വ്യക്തമല്ല.

യുവതി പാനിപൂരിക്കായി റോഡില്‍ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞ് പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പെട്ടെന്നു തന്നെ വ്യാപകമായി പ്രചരിച്ചു. യുവതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. ഇതെന്ത് ഭ്രാന്താണെന്നും യുവതി നാടകം കളിക്കുകയാണെന്നുമാണ് ഒരുവിഭാഗം ആളുകള്‍ പറയുന്നത്. എന്നാല്‍ അവര്‍ ഒരു ഫുഡിയാണെന്നും അവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് മറ്റൊരാള്‍ കുറിച്ചത്. ഉപയോക്താവ് എന്ന നിലയില്‍ അവരുടെ ആവശ്യം ന്യായമാണെന്ന് ഒരുവിഭാഗം വാദിക്കുന്നു.