ഇന്ത്യയും ബ്രിട്ടന് യാത്രാ നിരോധനം ഏർപ്പെടുത്തി

ഡൽഹി: ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകളും താൽകാലികമായി നിർത്തി. ചൊവ്വാഴ്ച അർധരാത്രി മുതൽ നിയന്ത്രണം നിലവിൽ വരും. ഡിസംബർ 31 ന് വരെയാണ് വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍കരുതലുകളുടെ ഭാഗമായി ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുമ്പായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്.

ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണിത്.വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോർട്ട്. ഇതേ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ യുകെയിലേക്കുള്ള വിമാന ഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.