കല കുവൈറ്റ് സുരേഷ് ചികിത്സാ സഹായനിധി കൈമാറി

കുവൈറ്റ് സിറ്റി: രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് നടത്തിയ ഓപറേഷന് ശേഷം രണ്ട് കണ്ണുകളുടേയും കാഴ്ചയും ഓർമ്മയും നഷ്ടപ്പെട്ട അവസ്ഥയിലായ തൃശൂർ ചേലക്കര  വേങ്ങനല്ലൂർ സ്വദേശി സുരേഷിനെ സഹായിക്കുന്നതിനായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സമാഹരിച്ച ചികിത്സ സഹായനിധി സുരേഷിന്റെ വസതിയിൽ  വെച്ച് നടന്ന ചടങ്ങിൽ വെച്ച് കൈമാറി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. സുരേഷിന്റെ തുടർചികിത്സക്കായി കല കുവൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് കുവൈറ്റ് പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ചത്. സമാഹരിച്ച തുകയായ 1026134 രൂപ മുൻ‌ കേരള നിയമസഭ സ്പീക്കറും മുൻമന്ത്രിയുമായ കെ രാധാകൃഷ്ണൻ സുരേഷിനു കൈമാറി. ചേലക്കര പഞ്ചായത്ത് വാർഡ് അംഗം പി ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് ടി‌എൻ പ്രഭാകരൻ (സിപിഐഎം ചേലക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി), സുമിത വിശ്വനാഥൻ (വനിതാവേദി കുവൈറ്റ്), കെ നന്ദകുമാർ (സിപിഐഎം ചേലക്കര ഏരിയ കമ്മിറ്റി അംഗം), എം മനോജ് കുമാർ (വെങ്ങാന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ്) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെടി വിനോദ്, ബാലസുബ്രമണ്യം, അജയകുമാർ, മാമുകോയ, ദിവാകരൻ വാര്യർ, നിഗേഷ്, കല കുവൈറ്റ് പ്രവർത്തകരായ മുനീർബാബു, രതീഷ് കുമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചിരുന്നു. കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി അംഗം എം‌പി മുസ്‌ഫർ സ്വാഗതവും കുവൈറ്റ് കല ട്രസ്റ്റ് അംഗം സജിത്ത് കടലുണ്ടി നന്ദിയും രേഖപ്പെടുത്തി.