ലഹരി മാഫിയയുടെ മുഖ്യ കണ്ണിയായ നൈജീരിയൻ പൗരൻ പിടിയിലായി

 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് മാരക ശേഷിയുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ കടത്തുന്ന നൈജീരിയൻ പൗരനെ തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടി. കൻ എബൂക്ക വിക്ടർ അനയോ എന്ന 27കാരനായ ഇയാൾ ഡൽഹി കേന്ദ്രീകരിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകൾ ചില്ലറ വിൽപ്പനക്കാരിലേക്ക് എത്തിച്ചു നൽകുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്.

തൃശ്ശൂരിൽ നടന്ന ലഹരിവേട്ടക്കിടയിൽ പിടിയിലായ ചാവക്കാട് സ്വദേശിയിൽ നിന്നുമാണ് പ്രതികളുടെ വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. നൈജീരിയൻ പൗരനെ കൂടാതെ സുഡാൻ പൗരൻ മുഹമ്മദ് ബാബിക്കർ അലി, പാലസ്തീൻ പൗരൻ ഹസൻ എന്നിവരെക്കുറിച്ചും വിവരങ്ങൾ ലഭിച്ചിരുന്നു. ഇരുവരെയും ബാംഗ്ലൂരിൽ നിന്ന് ലഹരി മരുന്നുകൾ സഹിതം നേരത്തെ പോലീസ് പിടികൂടിയിരുന്നു.

നാളുകൾ നീണ്ട അന്വേഷണങ്ങൾക്കിടയിൽ പോലീസ് നടത്തിയ രഹസ്യ നീക്കങ്ങളിലൂടെ അതിസാഹസികമായാണ് പ്രതികളെ പിടികൂടാനായത്. വേഷം മാറിയും വിവിധ പേരുകൾ സ്വീകരിച്ചും പോലീസ് നടത്തിയ രഹസ്യാന്വേഷണങ്ങളിലൂടെയാണ് പ്രതികളുടെ വിവരങ്ങൾ ശേഖരിക്കാനായത്. ഡൽഹി പോലീസുമായി സഹകരിച്ചാണ് പ്രതിക്കായി വല വിരിച്ചത്. ഡൽഹി നൈജീരിയൻ കോളനിയിൽ താമസിച്ചു വന്നിരുന്ന പ്രതിയെ മണ്ണുത്തി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, ജില്ലാ പോലീസ് ലഹരിവിരുദ്ധ വിഭാഗം സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി. രാഗേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.വി. ജീവൻ, സിവിൽ പോലീസ് ഓഫീസർ കെ.വി. വിപിൻദാസ് എന്നിവരുടെ സംഘമാണ് പിടികൂടിയത്