കുവൈത്തിൽ അനധികൃത താമസക്കാരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപതിനായിരം കവിഞ്ഞതായി താമസ കാര്യ വിഭാഗം

0
22

കുവൈത്തിൽ അനധികൃത താമസക്കാരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപതിനായിരം കവിഞ്ഞതായി താമസ കാര്യ വിഭാഗം വ്യക്തമാക്കി.ഇവരെ പിടി കൂടി രാജ്യത്തു നിന്നും പുറത്താക്കുവാൻ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ്‌ ദിനപത്രം റിപ്പോർട്ട്‌ ചെയ്തു.ഫാമുകൾ, വ്യാവസായിക മേഖലകൾ കേന്ദ്രീകരിച്ച്‌ സുരക്ഷാ പരിശോധന ആരംഭിക്കുവാനാണു മന്ത്രാലയം ആലോചിക്കുന്നത്‌.ഇതിനു പുറമേ താമസ നിയമം ലംഘിക്കുന്ന പ്രവാസികളുടെ സ്പോൺസർ ഷിപ്പിലുള്ള കുടുംബാംഗങ്ങൾ രാജ്യത്ത്‌ ഉണ്ടെങ്കിൽ അവരുടെ താമസാനുമതി പുതുക്കി നൽകുന്നതല്ല.അതേ പോലെ കുടുംബാങ്ങളിൽ ആരെങ്കിലും താമസ നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ താമസ രേഖ ശരിപ്പെടുത്തുന്നത്‌ വരെ സ്പോൺസർഷിപ്പിലുള്ള എല്ലാ അംഗങ്ങൾക്കും താമസരേഖ പുതുക്കി നൽകുന്നതല്ല.അതേ പോലെ ഗാർഹിക വിസയിൽ വിസാ കാലാവധി കഴിഞ്ഞു രാജ്യത്ത്‌ തങ്ങുന്നവരുടെ സ്പോൺസർമ്മാർക്ക്‌ എതിരെയും നടപടി സ്വീകരിക്കും.ഇത്തരം സ്പോൺസർമ്മാരുടെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും വിലക്ക്‌ ഏർപ്പെടുത്തുന്നതാണു.അതേ സമയം സന്ദർശ്ശക വിസയിൽ എത്തുന്ന പ്രവാസികളുടെ ഭാര്യ , കുട്ടികൾ എന്നിവരുടെ താമസ കാലാവധി മൂന്നു മാസം പൂർത്തിയായാൽ യാതൊരു കാരണ വശാലും കാലാവധി നീട്ടി നൽകരുതെന്നും രാജ്യത്തെ മുഴുവൻ പാസ്പോർട്ട്‌ കാര്യാലയങ്ങൾക്കും നിർദ്ദേശം നൽകി. അതേ പോലെ സന്ദർശ്ശക വിസയിൽ എത്തുന്ന മാതാവ്‌ , പിതാവ്‌ , സഹോദരങ്ങൾ മുതലായ കുടുംബാങ്ങങ്ങളുടെ താമസ കാലാവധി ഒരു മാസത്തിൽ അധികം നീട്ടി നൽകരുതെന്ന് നിർദ്ദശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

-ismail Payyoli –