കർക്കശക്കാരനായ സംഘാടകൻ, വീട്ടു വീഴ്ചയില്ലാത്ത പൊതു പ്രവർത്തകൻ

0
12

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെയാണ് വി മുരളീധരന്റെ പൊതു പ്രവർത്തനരംഗതെക്കുള്ള കടന്നു വരവ്. തലശ്ശേരി എരഞ്ഞോളി ശാഖാ സ്വയംസേവക് ആയ വി മുരളീധരൻ, തന്റെ കർമ്മ മണ്ഡലങ്ങളിൽ എന്നും മികച്ച സംഘാടകൻ എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. ബ്രണ്ണൻ കോളേജിൽ ബി എ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായിരുന്ന കാലത്താണ് വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിൽ സജീവം ആവുന്നത്. 1983മുതല്‍ 11 വര്ഷം വരെ എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി പ്രവർത്തിച്ചു.

87 മുതല്‍ മൂന്ന് വര്‍ഷം അഖിലേന്ത്യാ സെക്രട്ടറിയായും 1994 മുതല്‍ രണ്ടുവര്‍ഷം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായി. വ്യവസായ വകുപ്പിലെ ഉദ്യോഗം രാജി വച്ചാണ് മുരളീധരൻ രാഷ്ട്ര സേവനത്തിനായി ഇറങ്ങി തിരിച്ചത്. അടിയന്തിരാവസ്ഥയ്ക്കു ശേഷം കേരളത്തിലെ കാമ്പസുകളിൽ എബിവിപിയെ കെട്ടിപ്പടുക്കുന്നതിൽ, വി മുരളീധരൻ നിർണ്ണായക പങ്കു വഹിച്ചു.

എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയിരിക്കെ മുരളീധരനെ കമ്മ്യുണിസ്റ് സർക്കാർ അറസ്റ്റ് ചെയ്തത് ഡൽഹിയിലടക്കം വൻ സമരങ്ങൾക്ക് കാരണം ആയിരുന്നു. മുഖ്യമന്ത്രി ഇകെ നായനാരേയും വ്യവസായ മന്ത്രി പിസി ചാക്കോയെയും ഡൽഹിയിലെ കേരള ഹൗസിൽ വിദ്യർത്ഥികൾ ഘരാവോ ചെയ്തത് അന്ന് വലിയ വാർത്തയാവുകയും ചെയ്തു. പ്രിഡിഗ്രി ബോര്‍ഡ് സമരത്തിലും പോളിടെക്‌നിക് സമരത്തിലും കാലിക്കട്ട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിനെതിരായി നടന്ന സമരത്തിലും, വി മുരളീധരന്റെ നേതൃ പാടവത്തിനു കേരളം സാക്ഷിയായി. ഏറ്റവും ഒടുവിൽ തിരുവനതപുരം ലോ അക്കാദമിയിൽ നടന്ന സമരവും വി മുരളീധരന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക സമരങ്ങളാണ്.

എബിവിപിയുടെ ദേശീയ ചുമതല വഴി മദന്‍ദാസ് ദേവി, ഗോവിന്ദാചാര്യ, ബാല്‍ആപ്‌തേ, ദത്താത്രേയ ഹൊസബാലെ, തുടങ്ങിയ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ മുരളീധരന് സാധിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പ്രൊഫസർ ബാൽ ആപ്‌തെ ആയിരുന്നു വി മുരളീധരന്റെ രാഷ്ട്രീയ ഗുരു. കേരളത്തിൽ നിന്നും പി പരമേശ്വരൻ, എസ് സേതുമാധവൻ, തുടങ്ങിയവർ സംഘടനാ പ്രവർത്തനത്തിലെ വഴികാട്ടികളുമായി.

വാജ്‌പേയി സര്‍ക്കാർ അധികാരത്തിലെത്തിയ ആദ്യ തിരഞ്ഞെടുപ്പിൽ കേന്ദ്ര ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ച വെങ്കയ്യ നായിഡുവിന്റെ സഹായി ആയി എത്തിയതോടെയാണ് മുരളീധരൻ പൂർണ്ണ സമയ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട നെഹ്‌റു യുവകേന്ദ്ര വൈസ് ചെയര്‍മാൻ, ഡയറക്ടര്‍ ജനറൽ, ബിജെപി എന്‍ജിഒ സെല്ലിന്റെയും പരിശീലന വിഭാഗത്തിന്റെയും ദേശീയ കണ്‍വീനർ എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ച വച്ചു.

2006ൽ കേരളത്തിലെ ബിജെപി ഉപാദ്ധ്യക്ഷ സ്ഥാനവും, 2010ല്‍ സംസ്ഥാന അദ്ധ്യക്ഷ പദവും വി മുരളീധരനെ തേടിയെത്തി. ബൂത്തു തലം വരെ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ മുരളീധരന് സാധിച്ചു. ദേശീയ നിർവാഹക സമിതി അംഗമായി പ്രവർത്തിക്കന്ന വി മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.

കർക്കശക്കാരനായ സംഘാടകനും , വീട്ടു വീഴ്ചയില്ലാത്ത സംഘടനാ പ്രവർത്തകനുമായ മുരളീധരന് ഇന്നിപ്പോൾ അർഹതയ്ക്കും, പ്രവർത്തന മികവിനുമുള്ള അംഗീകാരമായി കേന്ദ്ര മന്ത്രി സ്ഥാനം തേടിയെത്തുകയാണ് .